മാത്തേരാനിലെ പച്ചപുതച്ച കുന്നിൻ ചെരിവുകളിലൂടെ ഒരു യാത്ര….

0

മാത്തേരാൻ പച്ചപുതച്ച കുന്നിൻ ചെരുവുകൾ ….

രാഹുല്‍ തൃശ്ശൂര്‍

മുംബൈയിലെ ഒരു ഒഴിവുകാലത്താണ് മാത്തേരാനിലേക്കു (Matheran) ഒരു യാത്ര പോകുന്നത്. താനെയിൽ നിന്നും 82 കിലോമീറ്റർ ദൂരം, റായ്ഗഡ് ഡിസ്ട്രിക്ടിലെ നെറൽ (Neral) എന്ന സ്ഥലത്തുനിന്നും മാത്തേരാനിലേക്കു ട്രെയിൻ കിട്ടും, അഞ്ചു ബോഗികൾ ഉള്ള പഴയ മോഡൽ ട്രെയിൻ, പച്ചപുൽ വിരിച്ച കുന്നിൻ ചെരിവിലൂടെ ഏകദേശം മുന്ന് മണിക്കൂർ ഉള്ള യാത്ര.

മഞ്ഞു മൂടിയ കുന്നുകളാണ് മാത്തേരാൻ കുന്നുകളെ ആകർഷകമാകുന്നത്. തണുപ്പേറിയ നനുത്ത കാറ്റ്, ഉയരം കൂടുന്തോറും കാഴ്ചകൾക്ക് ചൂടേറും. ചെറിയ കാടുകളിലൂടെ ഒറ്റപാതയുള്ള തീവണ്ടിയിൽ ചെല്ലുമ്പോൾ, പണ്ട് ബ്രിട്ടീഷുകാരുടെ അവധിക്കാല വസതിയുണ്ടായിരുന്ന കുന്നിൻപുറങ്ങൾ ഇന്ന് ടൂറിസ്റ്റ് കോട്ടേജുകളും ഹോട്ടലുകളും. പഴയ പ്രൗഢിയോടെ നിൽക്കുന്ന റെയിൽവേ സ്റ്റേഷന് പുറത്തു് കുതിര വണ്ടികൾ നിരനിരയായി നിർത്തിയിട്ടുണ്ടായിരുന്നു, വഴിയോരത്തെ കടകളിൽ കരകൗശല വസ്തുക്കളും, ബജ്ജിയും, സമോസ പാവും കഴിക്കാൻ കിട്ടും.

ഇളം മഞ്ഞു വീശുന്ന കാറ്റിൽ കുതിരപ്പുറത്തിരുന്ന്‌ ‘എക്കോ പോയിന്റ്‌ ‘ ലേക്കു സവാരി നടത്താം. തിരമാലകൾ ഓളം തല്ലുന്ന മാതൃകയിൽ കുന്നുകൾ നിരനിരയായി കിടക്കുമ്പോൾ കോടമഞ്ഞു നമ്മെ മാടിവിളിക്കും. മഴക്കാലമെങ്കിൽ ചെറു അരുവികളും, വെള്ളച്ചാട്ടങ്ങളും നമ്മെ മോഹിപ്പിച്ചുകൊണ്ടിരിക്കും. കുന്നിൻ ചെരുവിലൂടെ നമ്മൾ യാത്രചെയ്യുമ്പോൾ വയനാടൻ ചുരങ്ങളെ ഓർമിപ്പിക്കും. കൈവരികൾ കെട്ടിയ കുന്നിൻ ചെരുവിൽ നിന്നാൽ ചെറിയ അരുവികളും, മലനിരകളും കാണാം. മഞ്ഞു നിറഞ്ഞു പതഞ്ഞു നിൽക്കുന്ന കുന്നുകളെ കണ്ടാൽ ഒരു വലിയ ബ്ലാങ്കെറ്റും പുതച്ചു കിടക്കുന്നതാണെന്നേ തോന്നുള്ളു. പച്ചപുൽ നിറഞ്ഞ പാറക്കൂട്ടങ്ങളുടെ ഇടയിലൂടെ സൂര്യാസ്തമയം നമ്മൾ ലോകത്തിന്റെ മറ്റൊരു കോണിലാണെന്നു തോന്നിപോകും. മഴപൊഴിയുന്ന സംഗീതത്തിൽ ഈണം പിടിച്ചു നടക്കുമ്പോൾ പ്രകൃതിയുടെ രൗദ്രഭാവങ്ങളുടെ വിത്യാസം കാണാം. മാത്തേരാൻ കുന്നിന്റെ താഴ്വാരത്തു വലിയ ശിവന്റെ പ്രതിമ തലയുയർത്തി നിൽക്കുന്നു, ഗ്രാമവാസികളുടെ വീടുകൾ അങ്ങിങ്ങായി കാണാം.

തിരിച്ചു വരാൻ ട്രെയിനോ കാറോ തിരഞ്ഞെടുക്കാം, ചെങ്കുത്തായ കുന്നിന്റെ താഴോട്ട് വരുമ്പോൾ അന്തരീക്ഷത്തിന്റെ മനോഹാരിത നമ്മുടെ മനസ്സിൽ മായാതെ തെളിഞ്ഞു നിൽക്കും. വിടപറയുന്ന മാത്തേരാൻ കുന്നുകളെ നോക്കി നമ്മൾ പറഞ്ഞുപോകും “മാത്തേരാൻ” മഞ്ഞു വീഴുന്ന സന്ധ്യകളാണ് നിന്റെ പാറക്കൂട്ടങ്ങളെ സൗന്ദര്യവതിയാക്കുന്നത്‌.

PopAds.net

Leave a Reply