രോഗം വ്യക്തമായിക്കഴിഞ്ഞിട്ടും ചികിത്സിച്ചില്ലെങ്കിൽ.. ( സ്വാമി നിർമ്മലാന്ദഗിരി മഹരാജ്)

0

സ്വാമി നിർമ്മലാന്ദഗിരി മഹരാജ്

പഴയകാലത്ത് കുട്ടികളുടെ മൂത്രത്തിനൊരു നിറംമാറ്റമുണ്ടായാൽ അവർക്ക് കൂടുതൽ വെള്ളം കുടിക്കാൻ കൊടുക്കും.വീണ്ടും മൂത്രമെടുക്കുമ്പോൾ ആ നിറംമാറ്റം തുടരുന്നുവെങ്കിൽ,ആ മൂത്രത്തിലേക്കൊരു ചോറിട്ടു കഴിഞ്ഞാൽ മഞ്ഞനിറം പറ്റിപ്പിടിച്ചിരിക്കുന്നുവെങ്കിൽ , അന്നത്തെ അച്ഛനമ്മമാർ നിർബന്ധമായും കുട്ടികളോട് വിശ്രമിക്കാൻ പറയുമായിരുന്നു.കുറേ സമയം വിശ്രമിക്കുകയും, ലഘുവായ ആഹാരങ്ങൾ മാത്രം കഴിക്കാൻ കൊടുക്കുകയും,എണ്ണ, ഉപ്പ് മുതലായ പദാർത്ഥങ്ങൾ പൂർണ്ണമായി വർജ്ജിക്കുകയും,യകൃത്തിനെക്കൊണ്ട് ( ലിവർ) കൂടുതൽ പണിയെടുപ്പിക്കാതിരിക്കുകയും ചെയ്യുന്നതോടുകൂടി യകൃത്ത് പൂർണ്ണശോഭയോടെ രോഗമുക്തമാവുകയും, എണ്ണമറ്റ മഞ്ഞപ്പിത്തങ്ങളുടെ ആവിർഭാവത്തിനിടയുണ്ടാക്കാതിരിക്കുകയും ചെയ്യുമായിരുന്നു.

ഇന്നത്തെ സ്ഥിതി അതല്ല. ഇന്ന് താൻ തന്നെയോ, അച്ഛനമ്മമാരോ കുട്ടികളുടെ മലത്തിലും മൂത്രത്തിലും ഉണ്ടാകുന്ന പരിണാമങ്ങൾ, ത്വക്കിൽ വരുന്ന നിറംമാറ്റം,കണ്ണിനുവരുന്ന ഭേദങ്ങൾ ഒന്നും ശ്രദ്ധിക്കുന്ന പതിവില്ല.രോഗം വ്യക്തമായിക്കഴിഞ്ഞ് എല്ലാം ലാബിൽ കൊണ്ടുപോയി ചികിത്സികന്റെ നിർദ്ദേശാനുസരണം പരിശോദിപ്പിക്കുക മാത്രമേ ചെയ്യാറുള്ളൂ.ആ കാരണം കൊണ്ടുതന്നെ വളരെ വൈകിമാത്രമേ രോഗത്തെ അറിയാനിടവരുന്നള്ളൂ.രോഗം സഞ്ചയിക്കുന്ന വേളയിലോ, കോപിക്കുന്ന വേളയിലോ നാം അറിയുന്നില്ല. അതു വളരെ കൂടിക്കഴിഞ്ഞ് ,യകൃത്തിന്റെ പ്രവർത്തനരീതികളുടെ അന്തരാളങ്ങളെ തിരിച്ചറിയുന്ന പരീക്ഷണനിരീക്ഷണങ്ങൾ വരെ ( Liver functioning test) നടത്തി, അറിയേണ്ടതിലേക്കെത്തുന്നു.അത്തരമൊരവസ്ഥയിലെത്തിക്കഴിഞ്ഞ് ഒരു വൈദ്യശാസ്ത്രശാഖയിലെ ചികിത്സകനെ സമീപിക്കുമ്പോൾ ” ഇത് വളരെ അപകടകരമാണ്.മറ്റു വൈദ്യശാസ്ത്രരീതികളെ ഒന്നും സമീപിച്ചിട്ടു കാര്യമില്ല.മൃത്യുവരെ സംഭവിക്കാനിടയാക്കുന്ന സ്ഥിതിയിലാണിത് ” എന്ന് രോഗിയുടെ ബന്ധുക്കളോടോ, ചിലപ്പോൾ രോഗിയോടുതന്നയോ, പറഞ്ഞു ഭയപ്പെടുത്തുക ഒക്കെ ഇന്ന് നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു!

തന്റെ ഉത്തരവാദിത്തങ്ങൾ,തന്നിലർപ്പിതങ്ങളായിരിക്കുന്ന കർത്തവ്യങ്ങൾ, സമയക്കുറവ് തുടങ്ങി പലകാരണങ്ങളും പറഞ്ഞ് വ്യക്തമായ രോഗത്തെ വേണ്ട സമയത്തു നിർമ്മാർജ്ജനം ചെയ്യാൻ ശ്രമിക്കാതിരിക്കരുത്.ആ രോഗത്തെ നിർമ്മാർജ്ജനം ചെയ്യുന്നതിന് കാലേക്കൂട്ടി വ്യവസ്ഥാപിതമായ രീതിയിൽ സങ്കല്പിച്ചുണ്ടാക്കുന്ന വൈദ്യശാസ്ത്രശാഖകളെയോ,വൈദ്യവിശാരദന്മാരെയോ തീരുമാനിച്ചുറച്ചിട്ട് , അവരുടെ സമയവും കാലവും വരുന്നതു വരെ ബുക്കു ചെയ്തിട്ട്, ചികിത്സിക്കാനൊരുങ്ങരുത്.

ഉദാഹരണത്തിന് ആ ചികിത്സകനെ 3 മാസം കഴിഞ്ഞേ കാണാൻ പറ്റൂ.ഞാനിപ്പോഴേ ബുക്കു ചെയ്തിട്ടുണ്ട് എന്നു പറഞ്ഞു കാത്തിരിക്കുന്നവരെ കാണാം.വ്യക്തതവന്നുകഴിഞ്ഞ രോഗത്തെ ചികിത്സിക്കാൻ 3 മാസത്തേക്ക് ഇതര ആഹാരവും കഴിച്ച്,ആഹാരനീഹാരാദികളിൽ വ്യവസ്ഥാപിതമായ രീതിയില്ലാതെ ,ആചാരവിചാരങ്ങളെ നിയന്ത്രിക്കാതെ,3 മാസം കഴിഞ്ഞ് ചികിത്സിച്ചാൽ എന്റെ രോഗം ഭേദമാകുമെന്നും, അതിനുള്ള മരുന്നുകൾ ഒക്കെത്തന്നെ ആ ഭിഷഗ്വരന്റെ പക്കലുണ്ടെന്നും അയാൾ വിചാരിച്ചാൽ മാത്രമേ എന്റെ രോഗം മാറുകയൊള്ളൂവെന്നും ഒക്കെ ശഠിക്കുന്ന തലങ്ങളിലേക്ക് വ്യാവസായിക ചികിത്സാ സമ്പ്രദായങ്ങൾ എത്തിനിൽക്കുകയാണ്.! തന്റെ രോഗത്തെ, വ്യക്തമായിക്കഴിഞ്ഞിട്ടും , വേണ്ട സമയത്ത് ചികിത്സിക്കുവാനോ,വേണ്ടസമയത്ത് അതേക്കുറിച്ചറിയുവാനോ, അതിനെപ്പറ്റി വേണ്ടതു മനസ്സിലാക്കി പരിഹരിക്കുവാനോ കഴിയാതെ താനുദ്ദേശിക്കുന്ന വ്യക്തിയെ കാണുന്നതുവരെ തന്റെ രോഗം മര്യാദയ്ക്കവിടെ ഇരുന്നുകൊള്ളണമെന്നാഗ്രഹിക്കുന്ന തലത്തിലേക്കുവരെ വിദ്യാഭ്യാസം ഇന്ന് നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു.

ഇത് വളരെ അപകടകരമായ ഒരു നിലയാണ്.സഞ്ചയവേളയിൽ ചികിത്സ നൽകുകയാണ് ഉത്തമം.സഞ്ചയിച്ചദോഷം കോപിക്കുമ്പോൾ ചികിത്സിച്ചാലും മതി.അതിന്റെ പ്രസരണവേളയിലോ,സ്ഥാനസംശ്രയവേളയിലെങ്കിലുമോ ചികിത്സിച്ചിരിക്കണം.ഇതിനൊന്നും പറ്റിയില്ലെങ്കിൽ അഭിവ്യക്തമാകുന്ന രോഗം സ്വസ്ഥാനത്തു തിരിച്ചെത്തി, അവിടെ പ്രകടമായിക്കഴിഞ്ഞ് തന്റെ എല്ലാ ധാതുക്കളേയും നശിപ്പിക്കുമാറ് അതിന്റെ പ്രതിപ്രവർത്തനങ്ങൾ തുടങ്ങുമ്പോഴേങ്കിലും ചികിത്സിച്ചില്ലെങ്കിൽ അത് വളരെ അപകടത്തിലേക്ക് നീങ്ങുകയാണ് ചെയ്‌യുന്നത്.അങ്ങനെയുള്ള ഒരവസ്ഥ സംജാതമാകാതിരിക്കാനാണ് ചികിത്സകരും അതുപോലെ തന്നെ രോഗികളും ശ്രമിക്കേണ്ടത്.

രോഗമില്ലാത്തപ്പോൾ ഇതെല്ലാം അറിഞ്ഞു വെയ്ക്കുകയും ,അവ മനസ്സിലാക്കുകയും പൗരാണികർ ചെയ്തതു പോലെ തന്റെ ശരീരത്തെയും തന്റെ നിലകളെയും എവിടെയെങ്കിലും മാറുന്നുവെന്നു കണ്ടാൽ ആയവ തിരിച്ചറിയുകയും ചെയ്യേണ്ടത് ആരോഗ്യത്തെ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്കും സമൂഹത്തിനും അനിവാര്യമാണ്.
” പൗരാണിക ഭാരതീയരുടെ വൈദ്യശാസ്ത്ര പഠനത്തിൽ ജീവനേക്കുറിച്ചാണ് അവർ പഠിച്ചത്.ജീവനിലെ പരിണാമങ്ങളാണ് ആരോഗ്യവും രോഗവുമെല്ലാം ശരീരത്തിന്റെ പരിണാമങ്ങളല്ല.
എന്നാൽ ആധുനിക വൈദ്യശാസ്ത്രമാകട്ടെ അരിച്ചുപെറുക്കിയത് ജീവനില്ലാത്ത ശരീരങ്ങളെയാണ്.”

Leave a Reply