രഹസ്യം

0

ഉണ്ണി ആറ്റിങ്ങൽ

ആറ്റിങ്ങലിൽ നിന്നു വർക്കല റെയിൽവെസ്റ്റേഷനിലേക്കുള്ള ഒരു ഓട്ടോ യാത്രക്കിടയിലാണ് ഡ്രൈവറുടെ സീറ്റിന്റെ പുറകിലായി വ്യത്യസ്തമായ രീതിയിൽ വളരെ ഭംഗിയോടെ എഴുതിയിരിക്കുന്ന കുറച്ചു വരികൾ ഞാൻ ശ്രെദ്ധിച്ചതു…

Any time call me   94470***
ഒപ്പം ഒരു ഫേസ്ബുക്ക് ഐഡിയും അതിനു താഴെയായി മലയാളത്തിൽ ഒരു കുറിപ്പും…
       
“ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്…”

കൗതുകത്തോടെ ഞാൻ അതു വായിച്ചു…
എന്തായിരിക്കും ഈ ലിങ്ക് തുറന്നാൽ അതിൽ ഉണ്ടാകുന്നത്…എന്തായാലും ഒരു മണിക്കൂർ യാത്രയുണ്ട് വർക്കല എത്താൻ..ഞാൻ എന്റെ ഡാറ്റ ഓണാക്കി മുഖപുസ്തകം തുറന്നു സെർച്ച് ചെയ്തു…പ്രൊഫൈൽ കണ്ടെത്തി ഓപ്പൺ ആക്കി…ഓട്ടോ ചേട്ടന്റെ മുഖം തന്നെയാണ് പ്രൊഫൈൽ പിക്ചർ…താഴേക്കു താഴേക്കു നോക്കി…ചേട്ടന്റെ കുറച്ചു സെൽഫികളും ഒന്നു രണ്ടു ഷെയർ പോസ്റ്റും അല്ലാതെ വ്യത്യസ്തമായ മറ്റൊന്നും അതിൽ കാണാൻ കഴിഞ്ഞില്ല…
പിന്നെന്തിനാ ഇതു തുറക്കരുത് എന്നൊരു താക്കീത്…ഇനി ഫോട്ടോസിൽ എന്തെങ്കിലും ഉണ്ടാകുമോ??

ഞാൻ ഫോട്ടോസ് ഓപ്പൺ ചെയ്തു… അതു ഓരോന്നായി നോക്കുന്നതിനിടക്കാണ് മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി സ്വന്തം മുഖം മറച്ചിരിക്കുന്ന കുറച്ചു ഫോട്ടോസ് ഞാൻ ശ്രെദ്ധിച്ചത്…അതു ഓരോന്നായി ഞാൻ ഓപ്പൺ ചെയ്തു…കുറച്ചു തെരുവ് കുട്ടികളെ ചേർത്തു നിർത്തിയും അവർ ആർത്തിയോടെ ആഹാരം കഴിക്കുന്നതുമായ കുറച്ചു ഫോട്ടോസ്…
പക്ഷെ എല്ലാ ഫോട്ടോയിലും ഓട്ടോ ചേട്ടന്റെ മുഖം എന്തോ ചെയ്തു മറച്ചിരിക്കുന്നു… അതു എന്തിനായിരിക്കും അങ്ങനെ മറച്ചിരിക്കുന്നത്…ആകാംഷയോടെ ഞാൻ ചോദിച്ചു..

എന്താ ചേട്ടാ ഈ ഫോട്ടോയിൽ എല്ലാത്തിലും ചേട്ടന്റെ മുഖം മറച്ചിരിക്കുന്നത്…
ഓ സർ അതു നോക്കിയായിരുന്നോ
അതു വലിയൊരു സീക്രെട്ടാണ് സാറേ..
എന്റെ കൗതുകം വർധിച്ചു…
അതെന്താ ചേട്ടാ അത്ര വലിയ സീക്രെട്ട്…
അതൊക്കെ ഉണ്ട് സാറേ ഞാൻ എന്നും ഒന്നു രണ്ടു പൊതി ചോറു വാങ്ങി കൊടുക്കാറുണ്ട് അവർക്കു… അപ്പൊ എടുക്കുന്ന ഫോട്ടോസാ അതൊക്കെ…

അതൊക്കെ നല്ല കാര്യമല്ലേ ചേട്ടാ 
അതിനെന്തിനാ ഇങ്ങനെ മുഖം മറച്ചിരിക്കുന്നത്…ചേട്ടനെന്താ നാണക്കേടാണോ അവരൂടെ കൂടെ നിക്കുന്നത്….
ഹ ഹ ഹ എന്തു നാണക്കേട്  അതും ഒരു ചെറിയ കഥയാ സാറേ…
എന്തു കഥ എനിക്ക് വീണ്ടും ആകാംഷ ആയി… എന്നാ ചേട്ടൻ പറയു…ഒരുപാട് സമയം ഉണ്ടല്ലോ..എനിക്കാണേൽ കഥ കേൾക്കാൻ വല്യ ഇഷ്ടവുമാണ്…
സാറിനു കേൾക്കാൻ അത്ര താൽപര്യമാണെങ്കിൽ ഞാൻ പറയാം…

ആരോരുമില്ലാതെ തെരുവില് തെണ്ടി നടക്കുന്ന ചേരി പിള്ളേരാ സാറേ അതു…ഒരു നേരത്തെ അന്നതിന് പോലും വഴിയില്ലാതെ പിള്ളാര്…ഒരിക്കൽ ഒരു വലിയ വീട്ടിലെ സാറിനെയും കൊണ്ടു ഓരോട്ടം പോയതാ ഞാൻ ആ ചേരീല്.. അന്ന് ആ സാറ് രണ്ടു പൊതി ചോറു വാങ്ങി ആ പിള്ളേർക്ക് കൊടുത്തിട്ടു കൂടെ നിന്നു ഫോട്ടോ എടുക്കുന്നത് കണ്ടു…
ആ സാറ് ചേരിപ്പിള്ളരുടെ കൂടെ നിന്നു എന്തിനാ ഫോട്ടോ എടുക്കുന്നതെന്നു എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല…അങ്ങനെ തിരിച്ചു പോകുന്ന സമയത്തു ഞാൻ അയാളോട് ചോദിച്ചു.. സാറിനെന്തിനാ  ആ  ചേരി പിള്ളേരുടെ കൂടെ നിക്കുന്ന ഫോട്ടോ?? അപ്പോഴാ സാറ് പറഞ്ഞേ ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയ്യുന്ന ഫോട്ടോയൊക്കെ ഫേസ്ബുക്കിൽ ഇട്ടാൽ സമൂഹത്തിൽ ഒരു വില ഉണ്ടാകുമെന്നും പത്തു പേരറിയാനുള്ള എളുപ്പ വഴിയാണ് ഇതൊക്കെയെന്നും…അപ്പൊ നാളെയും സാറ് ഇവിടെ വരുമൊന്നുള്ള ചോദ്യത്തിന് ആ ദുഷ്ടൻ പറഞ്ഞത് എന്താന്നു അറിയാമോ സാറിനു…പിന്നേ ഈ തെണ്ടികളെ ഊട്ടലല്ലേ എന്റെ പണി.. ഇവറ്റകളെ കാണുന്നതേ എനിക്ക് അറപ്പാ.. പിന്നെ ഈ ഒരു ഫോട്ടോ എടുക്കാൻ വേണ്ടിയല്ലേ രണ്ടു പൊതി ചോറു വാങ്ങി കൊടുത്തതെന്ന്….സത്യം പറഞ്ഞാ എനിക്കയാളോട് അപ്പൊ വല്ലാത്ത ദേഷ്യം തോന്നി…പിന്നെ അവരൊക്കെ വല്യ വല്യ ആൾക്കാരല്ലേ… നമുക്ക് ദേഷ്യം വന്നിട്ടെന്താ കാര്യം…

പക്ഷെ അയാളെ വീട്ടിൽ കൊണ്ട് ആക്കി തിരിച്ചു പോരുമ്പോ എനിക്കും അങ്ങനെ ഒരു സ്വാർഥത തോന്നി സാറേ… ഞാനും അങ്ങനെ ചെയ്താൽ എന്നെയും പത്തു പേരറിയില്ലേ… കൂടുതൽ ആളുകൾ അറിയുമ്പോ ഓട്ടവും കൂടുതൽ കിട്ടിയാലോ എന്നൊക്കെ ഞാനും ചിന്തിച്ചു….അങ്ങനെയൊക്കെ ചിന്തിച്ചു രണ്ടു പൊതി ചോറും വാങ്ങി ഞാനും പോയി അവിടേക്ക്… പിള്ളേർക്ക് ചോറു കൊടുത്തിട്ട് കൂടെ നിന്നു കുറച്ചു ഫോട്ടോ ഞാനും എടുത്തു ഫേസ്ബുക്കിൽ ഇടാൻ…പക്ഷെ ആ പിള്ളാര് അതു ആർത്തിയോടെ കഴിക്കുന്ന കണ്ടപ്പോ എനിക്ക് സഹിച്ചില്ല സാറേ…കാരണം ഞാനും ഒരു നേരത്തെ ആഹാരം പോലുമില്ലാതെ ഒരുപാട് പട്ടിണി കിടന്നിട്ടുള്ളതാ…അതുകൊണ്ടു വിശപ്പിന്റെ വിലയെന്താന്നു എനിക്ക് നല്ലതു പോലെ അറിയാം…ആ സംഭവം ആയിരിന്നു തുടക്കം… പിന്നെ പിന്നെ ഓട്ടം കൂടുതൽ കിട്ടുന്ന ദിവസമെല്ലാം രണ്ടോ മൂന്നോ പൊതി ചോറു വാങ്ങി കൊടുക്കും ഞാൻ അവർക്കു…ഓട്ടം ഇല്ലാത്തപ്പോ എന്തു ചെയ്യാനാ സാറേ…എന്നാലും കല്യാണങ്ങൾക്കു ബാക്കി വരുന്നതും അറിയുന്ന വീടുകളിൽ നിന്നും ഒക്കെ എന്നെക്കൊണ്ട് പറ്റുന്ന പോലെ കൊണ്ടു കൊടുക്കും ആ പാവങ്ങൾക്ക്….വിശപ്പിന്റെ വിലയെന്താണെന്നു ഒരു പക്ഷെ സാറിനു മനസിലാവില്ല…പട്ടിണി എന്താണെന്നു ശെരിക്കും അതു 
അനുഭവിച്ചിട്ടുള്ളവനു മാത്രമേ മനസ്സിലാവൂ സാറേ…

സത്യം പറഞ്ഞാൽ അതെല്ലാം കേട്ടപ്പോ സ്വയം പുച്ഛമാണ് എനിക്ക് തോന്നിയത്..
കുറച്ചു കാശുള്ളതിന്റെ പേരിൽ സമൂഹത്തിൽ വലിയവൻ എന്നു കരുതിയ ഞാൻ ആ മനുഷ്യന്റെ മുന്നിൽ എത്രയോ ചെറുതാണെന്ന് എനിക്ക് തോന്നിപോയി…കഴിക്കുന്ന ഭക്ഷണത്തിൽ ഒരു മുടി ഇരുന്നാൽ പോലും അതപ്പാടെ വേസ്റ്റിൽ കളയുന്ന എനിക്ക് എന്തു യോഗ്യത ആണ് ഉള്ളത് അയാളുടെ മുന്നിൽ….

സാറേ സ്ഥലമെത്തി….
ഡ്രൈവർ ചേട്ടന്റെ ശബ്ദം കേട്ടാണ് ചിന്തയിൽ നിന്നുണർന്നത്…
ഓ സംസാരിച്ചിരുന്നു സ്ഥലം എത്തിയതറിഞ്ഞില്ല..
എത്ര കാശായി ചേട്ടാ…
നാനൂറ് രൂപ…
ഒരു രണ്ടായിരത്തിന്റെ നോട്ടെടുത്തു ഞാൻ ചേട്ടന് കൊടുത്തു…
അയ്യോ സാറേ ചില്ലറ ഇല്ലാലോ ബാക്കി തരാൻ…
സാരമില്ല അതു ചേട്ടൻ വച്ചോളൂ ഇന്ന് അവർക്ക് ചോറു വാങ്ങി കൊടുക്കുമ്പോ എന്റെ വകയായി മൂന്നു നാലു പൊതി അധികം വാങ്ങിക്കോളൂ ബാക്കി കാശിനു….
വല്യ സന്തോഷം സാറേ അതുങ്ങൾക്കു ഒരു നേരത്തെ അന്നം കൊടുക്കാൻ തോന്നിയല്ലോ.. സാറിനെ ദൈവം അനുഗ്രഹിക്കും…എന്നാപ്പിന്നെ ഞാൻ പോട്ടെ സാറേ…

ശെരി… പക്ഷെ ആ ഫോട്ടോയിൽ മുഖം മറച്ചിരിക്കുന്നതിന്റെ രഹസ്യം എന്താണെന്ന് ചേട്ടൻ പറഞ്ഞില്ലലോ….
ചേട്ടൻ വണ്ടി ഓഫ്‌ ആക്കി പുറത്തിറങ്ങി…
സാറെന്നോട് ക്ഷമിക്കണം..ആ പാവങ്ങൾക്ക് എന്നും ഒരു നേരത്തെ അന്നം എങ്കിലും കൊടുക്കണം എന്നു വല്യ ആശയാ സാറേ ഇപ്പൊ…പക്ഷെ സാറിനറിയമല്ലോ ഇതു ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടു ഒന്നും ചെയ്യാൻ കഴിയില്ലെന്നു…വണ്ടിയുടെ വാടകയും വീട്ടുചിലവും കഴിഞ്ഞു തുച്ഛമായ പണമേ മിച്ചമുണ്ടാകു..വണ്ടിയിൽ കയറുന്ന എല്ലാവരോടും ഞാൻ ഇത് പറയും..കേട്ടു കഴിയുമ്പോ ചിലരൊക്കെ ഇതുപോലെ സഹായിക്കും…ഇപ്പൊ സാറെന്നോട് അവശ്യപ്പെട്ടില്ലേ കഥ പറയാൻ അതുപോലെ എല്ലാവരോടും  ഈ കഥ പറയാൻ വേണ്ടി മാത്രം എന്റെ ചെറിയ മനസിൽ തോന്നിയ ഒരാശയം ആണ് സാറേ ആ രഹസ്യം…

സാറ് വണ്ടിയിൽ കേറിയപ്പോ ആദ്യം വായിച്ചതെന്താ ഈ ലിങ്ക് തുറക്കരുത് എന്നല്ലേ….മലയാളി അല്ലെ സാറേ എന്തു ചെയ്യരുത് എന്നു എഴുതി വച്ചാലും അതിനു വിപരീതമേ ചെയ്യൂ…തീർച്ചയായും മിക്കവരും അതു തുറന്നു നോക്കും…

പിന്നെ ആ ഫോട്ടോകളിൽ മുഖം മറച്ചിരിന്നത് കൊണ്ടല്ലേ അതിനെപ്പറ്റി മാത്രം സാറ് എന്നോട് ചോദിച്ചത്… അല്ലെങ്കിൽ എല്ലാ ഫോട്ടോയും നോക്കും പോലെ അതും സാറ് വെറുതേ നോക്കി പോയേനെ… അവിടെയും മലയാളികളുടെ മാത്രം ഒരു കൗതുകം തന്നെയാണ് സാറേ കാരണം…
സ്വന്തം വീട്ടിലെ കാര്യങ്ങൾ ഒന്നും അറിയാൻ ശ്രമിക്കില്ലെങ്കിലും മറ്റുള്ളവന്റെ ജീവിതത്തിൽ എന്തു സംഭവിക്കുന്നു എന്നറിയാനുള്ള മലയാളികളുടെ കൗതുകം…

അതിന്റെ കാര്യം സീക്രെട്ട് ആണ് എന്നു  കൂടി ഞാൻ പറഞ്ഞപ്പോ എന്റെ കഥ കേൾക്കാൻ സാറ് തയ്യാറായതും അതേ കൗതുകം കൊണ്ടു തന്നെയാണ്….
എല്ലാം കേട്ടു കഴിഞ്ഞപ്പോ സാറിനു അവരെ സഹായിക്കണം എന്നു തോന്നിയത് കൊണ്ടല്ലേ ഇപ്പൊ ഈ പൈസ സാറെനിക്കു തന്നത്….അല്ലാതെ സാറ് കേറിയപ്പോ തന്നെ ഇവിടെ ഒരു ചേരിയുണ്ടെന്നും അവിടത്തെ പിള്ളാര് പട്ടിണി ആണെന്നും അവർക്ക് ആഹാരത്തിനു കുറച്ചു കാശു വേണമെന്നും പറഞ്ഞാൽ സാറ് തരുമായിരുന്നോ….

മറ്റുള്ളവരെ കുറിച്ചു നല്ലതു പോലെ മനസിലാക്കിയാൽ മാത്രമേ നമുക്ക് അവരെ സ്നേഹിക്കാനും സഹായിക്കാനും ഒക്കെയുള്ള മനസുണ്ടാവൂ….
സാറെനിക്കു മാപ്പു തരണം..
സത്യത്തിൽ ഇതാണ് സാറേ ആ സീക്രട്ട്….

ഒരു അമ്പരപ്പോടെ അയാളോട് യാത്ര പറഞ്ഞു റെയിൽവേ സ്റ്റേഷനിലേക്കു നടക്കുമ്പോഴും ഒരു ചോദ്യമേ എന്റെ മനസിൽ ഉണ്ടായിരുന്നുള്ളു….
സത്യത്തിൽ അയാളെപ്പോലെ ഒരു മനുഷ്യനെ ഞാനല്ലേ സാറേന്ന് വിളിക്കേണ്ടത്……

Leave a Reply