ജയ് ജവാൻ

0

ജിഷ്ണു മുരളീധരൻ

രണ്ടു ദിവസമായി മാമ്പിള്ളി തറവാടിന്റെ അന്തരീക്ഷം ശബ്ദമുഖരിതമാണ്.അവിടെ ഒരു വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.ജയദേവന്റെ മുറപ്പെണ്ണാണ് മായ.അഞ്ച് വർഷം നീണ്ടു നിന്ന അവരുടെ തീവ്രപ്രണയത്തിന്റെ സാക്ഷാത്കാരം കൂടിയാണ് നാളെ.

” നാളെ എപ്പോഴാ മുഹൂർത്തം?”

ജയദേവന്റെ ഒരു സുഹൃത്ത് ചോദിച്ചു.

“പത്തിനും പതിനൊന്നിനും ഇടയ്ക്ക്.”

” മണി എട്ടായല്ലോ. അവന്റെ ട്രെയിൻ എപ്പോ എത്തുമെന്നാ പറഞ്ഞത്?”

“ഒമ്പത് മണിക്ക് സ്റ്റേഷനിൽ എത്തുമെന്നാ അല്പം മുമ്പ് വിളിച്ചപ്പോൾ പറഞ്ഞത്.കൂട്ടുകാരുമുണ്ടല്ലോ കൂടെ.അവരാ ഫോൺ എടുത്തത്.ജയൻ നല്ല ഉറക്കത്തിലാണത്രെ.”

ജയന്റെ അച്ഛൻ രാമൻ നായർ പറഞ്ഞു.പെട്ടെന്ന് മായയും അവളുടെ രക്ഷിതാക്കളും അവിടെയെത്തി.

“അല്ല,ഇതാരൊക്കെയാ വന്നിരിക്കുന്നേ, എന്താ ഇത്ര നേരത്തെ ഇങ്ങു പോന്നത്?”

“എന്ത് പറയാനാ അളിയാ,ഈ പെണ്ണ് എനിക്ക് സ്വസ്ഥത തരുന്നില്ല.അവളുടെ ജയേട്ടൻ വരുമ്പോൾ ആദ്യം അവളെ തന്നെ കാണണമത്രെ.ഓരോരോ പിടിവാശികളേ.”

“ഇപ്പോഴത്തെ പിള്ളേരല്ലേ അളിയാ.കാര്യമാക്കണ്ട.”

“സൗദാമിനി ഏടത്തി എവിടെ?”

മായയുടെ അമ്മ ചോദിച്ചു.

“ഞാൻ ഇവിടെത്തന്നെയുണ്ട് ഗോമതി.”

പെട്ടെന്ന് ജയന്റെ അമ്മ സൗദാമിനി ചിരിച്ചു കൊണ്ട് മുറ്റത്തേക്കിറങ്ങി വന്നു.അവർ മായയെ അടിമുടിയൊന്നു നോക്കി.

“ഹായ്,ന്റെ കുട്ടി ഇന്ന് സുന്ദരിയായിരിക്കണല്ലോ.”

“ഇന്നവളുടെ ജയേട്ടൻ വരുന്ന ദിവസമല്ലേ… സുന്ദരിയാകാതെ പറ്റില്ലല്ലോ.”

ഗോമതി സൗദാമിനിയെ പിന്താങ്ങി.രണ്ടമ്മമാരുടെയും സംസാരം തുടർന്ന് പോയപ്പോൾ മായ നാണത്തോടെ വീടിനകത്തേക്കോടി.”

“പാവം കുട്ടി.അവൾ വല്യ സന്തോഷത്തിലാണ്.കല്യാണമുറച്ച അന്ന് മുതൽ നിലത്തൊന്നുമല്ല.”

“അവൾ സന്തോഷിക്കട്ടെ ഗോമതി.ഒന്നും രണ്ടും അല്ലല്ലോ അഞ്ചു വർഷത്തെ പ്രണയമല്ലേ പൂത്തുലയാൻ പോകുന്നത്.”

ജയന്റെ അച്ഛൻ അഭിപ്രായപ്പെട്ടു.

“അതെ അതെ അവൻ പട്ടാളത്തിൽ ചേരുന്നതിന് മുമ്പ് തുടങ്ങിയതാ.നിങ്ങൾ അറിഞ്ഞപ്പോൾ വൈകി എന്ന് മാത്രം.”

ജയദേവന്റെ സുഹൃത്ത് രവി പറഞ്ഞു.മായയുടെ അച്ഛൻ ഗോവിന്ദൻ നായർ രവിയെ നോക്കി കനത്തിലൊന്ന് മൂളി.അടുത്ത നിമിഷം അവൻ സ്ഥലം വിട്ടു.കല്യാണവീടിന്റെ ഒരു മൂലയിൽ ജയദേവന്റെ സുഹൃത്തുക്കൾ നേരത്തെ തമ്പടിച്ചിരുന്നു.

“അവൻ അവസാനം വന്നപ്പോൾ തന്നിട്ടു പോയ സാധനത്തിന്റെ രുചി ഇപ്പോഴും നാവിലുണ്ട്.”

“അതെ.ഇന്നും കിട്ടും നല്ല ഉശിരൻ മിലിട്ടറി.”

പെട്ടെന്ന് രാമൻ നായർ അവരുടെ അടുത്തെത്തി.

“എന്താടാ ഇവിടൊരു ഗൂഢാലോചന?”

അദ്ദേഹം ചോദിച്ചു.

“ഹേയ്, ഒന്നുമില്ല.നാളെ കല്യാണം എങ്ങനെ അടിപൊളിയാക്കാം എന്നതിനെപ്പറ്റി ഒരു ചെറിയ ചർച്ച…അത്രേ ഉള്ളൂ.”

രവി പരുങ്ങി.

“ഉം…കാര്യം മനസ്സിലായി…അത്തരം ആഘോഷങ്ങളൊക്കെ രാത്രിയായിട്ടു മതി.ഇപ്പൊ ഇവിടെ ഒരുപാട് പണി ബാക്കിയുണ്ട്.എല്ലാവരും കൂടി ഒന്നുത്സാഹിച്ച് അതൊക്കെ തീർക്കാൻ നോക്ക്.”

ഒരു കള്ളച്ചിരിയോടെ രാമൻ നായർ നടന്നകന്നു.അല്പസമയത്തിനു ശേഷം ഒരു ടാക്സി കാർ മാമ്പിള്ളി തറവാടിന്റെ മുറ്റത്ത് ബ്രേക്കിട്ടു.അതിൽ നിന്നും യൂണിഫോം ധരിച്ച ഒരു ആർമി ഉദ്യോഗസ്ഥൻ പുറത്തിറങ്ങി.അയാൾ രാമൻ നായരുടെ സമീപം ചെന്നു.

“ഇതല്ലേ മാമ്പിള്ളി വീട്…ലഫ്റ്റനന്റ് ജയദേവന്റെ….”

“അതെ.ജയന്റെ സുഹൃത്താണല്ലേ. ആട്ടെ,അവൻ എവിടെ?”

“അത്…അത്…”

പെട്ടെന്ന് കാറിൽ നിന്നും രണ്ടു ജവാന്മാർ കൂടി പുറത്തിറങ്ങി.അവർ ജയദേവനെ വീഴാതെ താങ്ങിപിടിച്ചിരിക്കുകയായിരുന്നു.ആ കാഴ്ച രാമൻ നായർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.തന്റെ മകന്റെ വലതു കാൽ നഷ്ടപ്പെട്ടിരിക്കുന്നു.അദ്ദേഹം വർദ്ധിച്ച ദുഃഖത്തോടെ തന്റെ സമീപം നിന്നിരുന്ന ജവാന്റെ യൂണിഫോമിൽ കടന്നു പിടിച്ചു.

“സത്യം പറയടോ, ന്റെ കുട്ടിക്ക് എന്ത് പറ്റിയതാ?”

“രണ്ടു മാസം മുമ്പ് ഞങ്ങളുടെ ക്യാമ്പിൽ ഒരു അറ്റാക്ക് ഉണ്ടായി.അതിലാ ജയന്റെ കാല്..”

അയാൾ വാക്കുകൾ പൂർത്തീകരിച്ചില്ല. ആ വൃദ്ധൻ തന്റെ പിടി അയച്ചു.മകനെ കാണുവാൻ ഓടിക്കിതച്ചെത്തിയ സൗദാമിനിയമ്മയ്ക്കും ആ കാഴ്ച താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

“എന്റെ മോനേ, പിറന്ന നാടിനെ സേവിക്കാൻ പുറപ്പെട്ട നിനക്ക് ഈ ഗതി വന്നല്ലോ.ഇതൊക്കെ കാണാൻ വേണ്ടിയാണോ ഈശ്വരാ ഞാനിത്രയും കാലം ജീവിച്ചത്?”

“അമ്മ എന്തിനാ കരയുന്നത്?അമ്മയുടെ മകനെ ഓർത്ത് അഭിമാനിക്കുകയാണ് വേണ്ടത്.ജയദേവൻ ധീരനായ ഒരു ജവാനാണ്.”

കൂടെ വന്ന ഒരു പട്ടാളക്കാരൻ പറഞ്ഞു.

“അമ്മ കരയരുത്.എന്റെ ശരീരത്തിൽ നിന്ന് ഈ കാൽ അറുത്തു മാറ്റിയപ്പോൾ പോലും ഞാൻ കരഞ്ഞില്ല.അത് എനിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ അംഗീകാരമായാണ് ഞാൻ കാണുന്നത്.ഇനി,എന്തെങ്കിലും ദുഃഖം എന്റെ ഉള്ളിൽ അവശേഷിക്കുന്നുവെങ്കിൽ അത് കാലിനു പകരം എന്റെ ജീവൻ നല്കാൻ കഴിഞ്ഞില്ലല്ലോ എന്നത് മാത്രമാണ്.”

ജയദേവന്റെ സ്വരം ദൃഢമായിരുന്നു.ഈ സമയം ഗോവിന്ദൻ നായരുടെ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു.

“അളിയൻ ഒന്നും വിചാരിക്കരുത്.ഒരു ഒറ്റക്കാലന് കൈ പിടിച്ചു കൊടുക്കാൻ വേണ്ടിയല്ല ഞാൻ എന്റെ മോളെ വളർത്തിയത്.ഈ കല്യാണം നടക്കില്ല.”

അയാൾ മായയുടെ കൈയ്യിൽപ്പിടിച്ച് അവിടെ നിന്ന് പോകാൻ ഭാവിച്ചു.എന്നാൽ മായ,അച്ഛന്റെ കൈ തട്ടി മാറ്റി ജയദേവന്റെ അരികിലെത്തി,അയാളെ സ്വന്തം ചുമലിൽ താങ്ങി.

“ജയേട്ടന് അപകടം പറ്റിയ അന്ന് തന്നെ എന്നെ വിളിച്ച് വിവരം പറഞ്ഞിരുന്നു.അച്ഛൻ അറിഞ്ഞാൽ ഇതുപോലെയൊക്കെ സംഭവിക്കും എന്നറിയാവുന്നത് കൊണ്ടാണ് ഇത്രയും സമയം വരെ ഞാനൊന്നും പറയാതിരുന്നത്.അന്നും ഇന്നും ഞാൻ സ്നേഹിച്ചതും ഇഷ്ടപ്പെട്ടതും ജയേട്ടന്റെ മനസ്സിനെയാണ്.ആ എനിക്ക് അറ്റ് പോയ വലതു കാൽ ഒരു കുറവായി തോന്നുന്നില്ല.പിറന്ന നാടിനു വേണ്ടി പടപൊരുതിയ ഈ ധീരജവാന്റെ ഭാര്യയാകാൻ കഴിയുന്നതാണ് ഈ ജന്മത്തിൽ അച്ഛന്റെ മോൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം.”

മകളുടെ ഉറച്ച മറുപടി ആ പിതാവിനെ ഞെട്ടിച്ചു.ജയനെ സ്വന്തം ചുമലിൽ താങ്ങി വീടിനുള്ളിലേക്ക് കൊണ്ടു പോകുന്ന മായയെ ഏവരും അത്ഭുതത്തോടെ നോക്കി നിന്നു. ജയദേവനൊപ്പം വന്ന ജവാന്മാർ അവളെ ബഹുമാനപൂർവ്വം സല്യൂട്ട് ചെയ്തു.പിറ്റേന്ന് രാവിലെ ജയദേവന്റെയും മായയുടേയും വിവാഹം ആ ഗ്രാമം മുഴുവൻ ആഹ്ലാദത്തോടെ കൊണ്ടാടി

Leave a Reply