ചാരവൃത്തി ആവശ്യപ്പെട്ടാല്‍ ആ നിമിഷം റഷ്യവിടുമെന്ന് കാസ്പര്‍സ്‌കി

0

ചാരസംഘടനക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം നേരിടേണ്ടിവന്ന പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്‌കി ഇത്തരം ആരോപണങ്ങളില്‍ നിന്നു മോചനം നേടാനുള്ള ശ്രമത്തിലാണ്. റഷ്യന്‍ രഹസ്യാന്വേഷണ എജന്‍സി ചാരവൃത്തി നടത്തണമെന്ന് ആവശ്യപ്പെട്ടാല്‍ റഷ്യ വിടുമെന്ന് കാസ്പര്‍സ്‌കി ലാബ്സ് സ്ഥാപകനും സി.ഇ.ഓയുമായ യൂജീന്‍ കാസ്പര്‍സ്‌കി വ്യക്തമാക്കി.

അമേരിക്കന്‍ രഹസ്യവിവരങ്ങള്‍ പകര്‍ത്തുന്നതിന് റഷ്യന്‍ ഏജന്‍സികള്‍ കാസ്പര്‍സ്‌കി സോഫ്റ്റ്വെയര്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാരോപിച്ച് അമേരിക്കയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കാസ്പര്‍സ്‌കി സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്നതിന് യുഎസ് ഹോം ലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഇത്തരം ആരോപണങ്ങളെ നിഷേധിക്കുകയാണ് കാസ്പര്‍സ്‌കി ചെയ്തത്. ആക്രമണങ്ങളെ തടയാനും അപകടകാരികളായ കോഡുകള്‍ കണ്ടെത്താനുമാണ് ഞങ്ങളുടെ ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. അല്ലാതെ ഉപയോക്താക്കളെ നിരീക്ഷിക്കാനല്ലെന്നും കാസ്പര്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

രഹസ്യങ്ങള്‍ ചോര്‍ത്താന്‍ കാസ്പര്‍സ്‌കി ആന്റിവൈറസ് സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തുന്നു എന്ന ആരോപണം കാസ്പര്‍സ്‌കിയുടെ വടക്കന്‍ അമേരിക്കയില്‍ നിന്നുള്ള വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എങ്കിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇപ്പോഴും കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ലാഭത്തില്‍ തന്നെയാണെന്നും കാസ്പര്‍സ്‌കി അറിയിച്ചു.

Leave a Reply