ക്ഷേത്രരഹസ്യവും ദേവതകളും (61)

0

സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്

വിവിധതരക്കാരായ ആളുകൾ പണംമുടക്കി ” ഖജുരാഹോ” കാണാൻ പോകാറുണ്ട്. സത്യസന്ധമായി പറഞ്ഞാൽ , ഭാരതീയസംസ്കൃതി ഇഷ്ടപ്പെടാത്ത തലത്തിലാണ് അവിടുത്തെ ശില്പമാതൃകകൾ. മുഴുവനും ലൈംഗികാതിപ്രസരത്തിന്റെ കൊത്തുപണികളാണ്. അവയൊക്കെ കണ്ടുകൊണ്ടുനടക്കുന്നവരെ ശ്രദ്ധിച്ചാലറിയാം, ഒരബോധത്തിലാണ് എല്ലാവരും എല്ലാം കാണുന്നതെന്ന് ; അവർ എല്ലാം മറന്നുപോകുന്നുണ്ട്. ഹലേബേഡു, ബേലൂർ,ചന്നകേശ്വരക്ഷേത്രം,ശാന്തളാദേവി ക്ഷേത്രം എന്നിവയൊക്കെ നൂറ്റാണ്ടുകളുടെ മഹിമാതിരേകം പേറുന്നവയാണ്. അവിടങ്ങളിലൊക്കെ അനുഭവിക്കുന്ന അബോധനപ്രക്രിയ, ഇന്നത്തെ ആധുനിക, ആത്മീയ കേന്ദ്രങ്ങളിൽ ഒന്നിൽപ്പോലും അനുഭവിക്കാനാവില്ലെന്നും ഓർക്കണം. എല്ലാം രാവണകോട്ടകളാണ് . ഏതെങ്കിലും ആത്മീയ ആശ്രമങ്ങളിലോ ആധുനിക വ്യവസായികളുടെ സ്ഥാപനങ്ങളിലോ ചെന്നാൽ, തീപിടിച്ച പുരപോലെയാണ്. ഉപമ കാളിദാസന്റെയാണ്. ദുഷ്യന്തന്റെ അടുക്കലേക്ക് ശകുന്തളയെ കൊണ്ടുപോയ രണ്ടു മുനികുമാരന്മാക്ക് നഗരവാസികളെയും നഗരത്തെയും കൊട്ടാരത്തെയും കാണുമ്പോൾ തോന്നിയതാണിത്. തിരക്കേറിയ ബൗദ്ധിക സർജനത്തിന്റെയും ചടുലങ്ങളായ സംഭാഷണങ്ങളുടെയും വൈഖരികളുടെയും ലോകങ്ങൾ ഉതിർത്ത്, കൂട്ടലും കിഴിക്കലും ഹരിക്കലുമൊക്കെ മേളിക്കുന്ന ക്രിയവിക്രയങ്ങളുടെ ആധുനിക ആശ്രമകവാടങ്ങൾ തീപിടിച്ച പുരപ്പോലെത്തന്നെയാണ് . ശാന്തി തേടി ജനങ്ങളെല്ലാം തിരക്കിന്റെ ആ മഹാസമുദ്രത്തിലേക്കാണ് കൂപ്പുകുത്തുന്നത്. കൊച്ച് കൊച്ച് അശാന്തിയുള്ള കുടുംബങ്ങളിൽനിന്നും ബന്ധങ്ങളിൽനിന്നും ഉത്തരവാദിത്വങ്ങളിനിന്നും ശാന്തി തേടിയെത്തുന്നത് ഈ അശാന്തിയുടെ കടലിലേക്കാണ്. പുതിയ’ മാനേജ്മെന്റ് അധ്യാത്മികത’ യുടെ അന്തരാളങ്ങളിലെ ആ ലോകം പൊട്ടിതെറിക്കുമ്പോൾ , അവിടെനിന്ന് ഇറങ്ങിയോടുമ്പോഴുണ്ടാകുന്ന ശാന്തി ഒരു തിരിച്ചു പോക്കിന്റെ ശാന്തിയാണ്; നിലനില്പിന്റെ ശാന്തിയല്ല. ഒരുവന്റെ വലിഞ്ഞു മുറുകിയ മനസ്സിൽ മുറുകാവുന്നതിന്റെ അവസാനംവരെ മുറുകി പൊട്ടിപ്പോകുമ്പോഴുണ്ടാകുന്ന ആശ്വാസംപോലെ…
തുടരും…..

Leave a Reply