ക്ഷേത്രരഹസ്യവും ദേവതകളും (62)

0

സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്

സ്ഥിതിയുടെ ദേവത – അവൾ കളിച്ചാൽ ലക്ഷ്മിയാണ്. ലക്ഷ്മി ഭൂമിദേവിയുമായി ആടിക്കളിക്കുമ്പോൾ വൈഷ്ണവതേജസ്സിന് ഇരിക്കാനും നില്ക്കാനുമാകാതെ കിടന്നുപോകും. അറിവിന്റെ ആത്മലോകങ്ങളുടെ ആനന്ദസമുദ്രത്തിൽ , നിത്യപാലാഴിയിൽ ആയിരം തലയുള്ള പാമ്പാകുന്ന മെത്തയിൽ, ബോധത്തെ മാത്സര്യമില്ലാത്ത സപ്തനികൾ ചേർന്ന് കിടത്തി തലോടിത്തഴുകുകയാണ്. അപ്പോഴാണ് സ്ഥിതിയുടെ അന്തരിന്ദ്രിയചേതന ഉണർന്നുവരുന്നത്. സൃഷ്ടിയുടെ ലോകങ്ങളുടെ ചടുതലകൾ മുഴുവൻ അസ്തമിച്ച് , സൃഷ്ടിയുടെ വേദന അസ്മിച്ച് – സൃഷ്ടിയുടെ അബോധനതലങ്ങളിൽനിന്ന് സ്ഥൈതികസാമഞ് ജസ്യത്തിലേക്ക് മാനവചേതനയെ ആട്ടിത്തെളിച്ചുകൊണ്ടുപോകുന്ന ആ കിടപ്പും ദേവതാസങ്കല്പങ്ങളും രസകരവും പഠനാർഹവുമാണ്. ഇത് ഏതെങ്കിലുമൊരു ചിത്രത്തിലോ ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലോ പാലാഴിയിൽത്തന്നെയോ കാണുമ്പോൾ – വൈഷ്ണവതേജസ്സ് ഭൗമവും ധനാത്മകവുമായ സ്ഥിതിക്ക് നിലനില്ക്കാനും സ്ഥിതിയെ പോഷിപ്പിച്ചുനിർത്താനും ഒരിടം വേണമെന്ന് അറിയണം. ഒരു കാലുവെക്കാൻ ഭൂമിവേണം , സ്ഥിതിഭൂമിയിലേ കഴിയൂ ; ഭാവാത്മകതയിൽ അതിനു കഴിയില്ല. എന്തിനും ഭൂമിയാകുന്ന പത്നി താങ്ങിനിർത്തണം. ദഹനപചന പ്രക്രിയയുടെ അന്തരാളങ്ങളിൽ മാത്രം നില്ക്കുന്ന സ്ഥിതിയുടെ പ്രവാഹ നിത്യതയുടെ ഭൂമിയ്ക്ക്, ആയതുകൊണ്ട് പണം വേണം – നിലനിർത്താൻ പണമില്ലാതെ പറ്റില്ല.

തന്നിലെ സ്ഥിതിയുടെ ദേവതയെ തന്റെ ബോധത്തിൽ ഏകാഗ്രത വരുത്തി ദർശിച്ച ഋഷിയുടെ അഹൈതുകാവബോധത്തിന്റെ അത്യന്തഭാസുരമായി മൂർത്തീകരിച്ച സൃഷ്ടിയാണ് ആ പാലാഴിയും അതിലെ അനന്തനെന്ന മെത്തയും, അതിൽ പള്ളിയുറങ്ങുന്ന വിഷ്ണുവും. സ്ഥിതിയ്ക്ക് മറ്റൊന്നും വേണ്ടാത്തതു കൊണ്ട് കാൽച്ചുവട്ടിലിരുന്ന് കാലുകൾ തിരുമുന്ന ഭൂമിയും ലക്ഷ്മിയും. സ്ഥിതിയുടെ വൈഷ്ണവാനന്ദത്തിലേക്ക് മാനവചേതന മനോമോഹനമായി കടന്നുചെല്ലാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സ്ഥിതിദേവതയുടെ അനല്പലോകങ്ങളിൽ പ്രകൃതിയൊരുക്കുന്ന കാലപ്രവാഹത്തെ കൈവിരലുകളിലൊതുക്കണം.അപ്പോൾ താൻ നിലനില്ക്കുന്ന ഭൂമിയുടെ അനുഗ്രഹാശിസ്സുകളും തന്റെ നിത്യാനന്ദത്തിന്റെ ആവശ്യങ്ങൾക്ക് താനറിയാതെ കൈവരുന്ന ധനവും മതിയാകുന്നതാണ്. ശാസ്ത്രം കാവ്യകേളിക്ക് തലകുനിച്ചുകൊടുത്തപ്പോൾ , ഭാരതത്തിന്റെ ശാസ്ത്രകാരന്മാർ വാങ്മയങ്ങൾകൊണ്ട് കവിത രചിക്കുകയാണിവിടെ . അത് അതിന്റെ അർത്ഥത്തിൽ വായിക്കാനറിയുന്ന സന്തതികളായി നമുക്ക് ജനിക്കാനായില്ലെങ്കിൽ , അത് പ്രാചീനരുടെ തെറ്റല്ല – ജനിച്ചവരുടെ ജനിതക വൈകല്യമാണ്.
തുടരും….

Leave a Reply