എനിക്കു നീതി വേണം’ പ്രധാനമന്ത്രിയോട് വിശാല്‍

0
Actor Vishal Protest for Sri Lankan Tamils Photos

തമിഴ്നാട്ടിലെ ആർ.കെ.നഗർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിപ്പോയതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും സഹായം തേടി നടൻ വിശാൽ. ട്വിറ്ററിലൂടെയാണ് വിശാലിന്റെ സഹായാഭ്യർഥന. ഞാൻ വിശാൽ, ചെന്നൈ ആർ.കെ.നഗറിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് താങ്കൾക്ക് ബോധ്യമുണ്ടെന്ന് കരുതുന്നു. എന്റെ നാമനിർദേശ പത്രിക ആദ്യം സ്വീകരിക്കുകയും പിന്നീട് തള്ളുകയും ചെയ്തു. ഇത് നീതിനിഷേധമാണ്. ഇക്കാര്യം താങ്കളുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ്. നീതി നടപ്പിലാവും എന്നാണ് എന്റെ പ്രതീക്ഷ-പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വിശാൽ ട്വീറ്റ് ചെയ്തു. സിനിമയെ വെല്ലുന്ന സംഭവവികാസങ്ങൾക്കുശേഷമാണ് കഴിഞ്ഞ ദിവസം വിശാലിന്റെ നാമനിർദേശപത്രിക തള്ളിയത്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന വിശാൽ സമർപ്പിച്ച അനുബന്ധ രേഖകളിൽ അപാകതകളുണ്ടെന്ന് കാട്ടിയാണ് ആദ്യം പത്രിക തള്ളിയത്. ഇതിനെതിരെ വിശാൽ ശക്തമായി പ്രതിഷേധിച്ചിരുന്നു. ആരാധകർ റോഡ് ഉപരോധിക്കുകവരെ ചെയ്തു. ഇതിനുശേഷം പത്രിക സ്വീകരിച്ചതായി അറിയിപ്പ് വന്നു. എന്നാൽ, രാത്രി വൈകി നടന്ന സൂക്ഷ്മപരിശോധനയിൽ വിശാലിനെ പിന്തുണച്ചവരുടെ പ്രശ്നം ചൂണ്ടിക്കാട്ടി വീണ്ടും പത്രിക തള്ളുകയായിരുന്നു. ജനാധിപത്യത്തിന്റെ അന്ത്യം എന്നാണ് വിശാൽ ഇതിനെതിരെ പ്രതികരിച്ചത്. ഒരു ഡിസംബർ അഞ്ചിന് അമ്മ പോയി. മറ്റൊരു ഡിസംബർ അഞ്ചിന് ജനാധിപത്യവും മരിച്ചു എന്നും ട്വീറ്റ് ചെയ്തു. ഇതിനുശേഷമാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഇടപെടണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടർന്നാണ് ആർ.കെ. നഗർ എന്ന രാധാകൃഷ്ണ നഗർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ടി.ടി.വി. ദിനകരനെയാണ് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എന്നാൽ, പാർട്ടികൾ വോട്ടർമാരെ സ്വാധീനിക്കാനായി വൻ തോതിൽ പണമൊഴുക്കുന്നുവെന്ന് തെളിഞ്ഞതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ദിനകരനും ശശികലയും ജയലിലാവുകയും ചെയ്തു. ഇതിനുശേഷമാണ് ഡിസംബർ 31നകം ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. എ.ഐ.എ.ഡി.എം.കെ പ്രിസീഡിയം ചെയർമാൻ ഇ.മധുസൂദനനാണ് ഇവിടെ പാർട്ടി സ്ഥാനാർഥി. നേരത്തെ ദിനകരനെ എതിർക്കാനിരുന്ന മുരുഡു ഗണേഷ് തന്നെയാണ് ഡി.എം.കെയുടെ സ്ഥാനാർഥി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിൽശിക്ഷ അനുഭവിച്ച ജയലളിത പിന്നീട് ജയിൽമോചിതയായശേഷം ആർ.കെ. നഗർ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഒന്നര ലക്ഷം വോട്ടിന്റെ പടുകൂറ്റൻ ഭൂരിപക്ഷത്തിനാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിയായത്. എതിരാളിയായിരുന്ന സി.പി.ഐ. സ്ഥാനാർഥിക്ക് കേവലം പതിനായിരം വോട്ട് മാത്രമാണ് നേടാനായത്. കഴിഞ്ഞ തവണ ഡി. എം.കെയുടെ ഷിംല മുത്തുച്ചോഴനെയാണ് തോൽപിച്ചത്.

Leave a Reply