പനമ്പിള്ളി കോളജ് പ്രിന്‍സിപ്പലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു

0

ചാലക്കുടി : വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതില്‍ല്‍ പ്രതിഷേധിച്ചു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പനമ്പിള്ളി കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. ജയകുമാറിനെ പൂട്ടിയിട്ടു. വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷം രാത്രി എട്ടരയോടെയാണു പ്രിന്‍സിപ്പലിനെ മോചിപ്പിച്ചത്.
കഴിഞ്ഞ 27ന് പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി അപമര്യാദയായി പെരുമാറുകയും കോളജില്‍ കഴിഞ്ഞ 30നു ദേശീയ സെമിനാര്‍ നടക്കുന്നതിനിടെ സെമിനാര്‍ ഹാളിനു പുറത്തു നിന്നു പാട്ടുപാടി സെമിനാര്‍ തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി ആരോപിച്ചായിരുന്നു വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി. സ്റ്റാഫ് കൗണ്‍സില്‍ ഏകകണ്ഠമായാണ് സസ്‌പെന്‍ഷനു തീരുമാനമെടുത്തതെന്ന് കോളജ് അധികൃതര്‍ പറഞ്ഞു.
ശ്രീരാജ് മുരളീധരന്‍, എം.കെ. കിരണ്‍, അയസ് ഷുക്കൂര്‍, ടി.എം. ഈശ്വരനുണ്ണി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ഒടുവില്‍ കോളജ് എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. എം.എസ്. ജയ കോളജ് അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നു സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികളില്‍ നിന്ന് മാപ്പ് എഴുതി വാങ്ങി സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ഇന്നു കോളജ് കൗണ്‍സില്‍ ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും. ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.

Leave a Reply