ക്ഷേത്രരഹസ്യവും ദേവതകളും. ഭാഗം -(63)

0

സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്

സ്ഥിതി സൃഷ്ടിയെക്കാൾ കുറെക്കൂടി അബോധനപ്രക്രിയയാണ് ; സൂക്ഷ്മമാണ് ; സ്വാപ്നാത്മകമാണ്. സ്ഥിതിയിൽ സ്വപ്നത്തിനാണ് പ്രാധാന്യം. അതുകൊണ്ട് ഒരു സ്വപ്നത്തിന്റെ സഹായമില്ലെങ്കിൽ നിങ്ങൾക്കൊന്നും സംരക്ഷിക്കാനാവില്ല. വീട്ടിൽ നിങ്ങളൊന്ന് സംരക്ഷിച്ചുവെങ്കിൽ, കഷ്ടപ്പെട്ടും പണം മുടക്കിയും സംരക്ഷിക്കുന്നതത്രയും അതിന്റെയൊരു സ്വപ്നത്തിലാണ്. ഈ സ്വപ്നത്തെ താലോലിക്കണമെങ്കിൽ ലക്ഷ്മിയും ഭൂമിയും വേണം. ജാഗ്രത്തിന്റെ സക്രിയവൃത്തികൾ അസ്തമിക്കുകയും സ്വപ്നത്തിന്റെ സക്രിയവും അക്രിയവുമായ ഭാവങ്ങൾ സമ്മേളിച്ചുയരുകയും ചെയ്യുന്ന ഒരു ഉജ്ജ്വലസമ്മേളനത്തിലാണ് നിങ്ങളുടെ സ്ഥിതിചോദന പ്രബലമാകുന്നത്.

ഒരാളുടെ അജ്ഞാനം ജാഗ്രത്തിലാണോ സ്വപ്നത്തിലാണോയെന്ന് നോക്കണം. ജാഗ്രത്തിലൊരാൾ സംന്യസിച്ചിതുകൊണ്ട് കാര്യമില്ല. സംന്യാസത്തിന്റെ ചടങ്ങൊക്കെ മനോഹരമാണ്. ബന്ധുമിത്രാധികളൊക്കെ പങ്കെടുത്തുകൊണ്ടുള്ള ചടങ്ങാണ് ഇന്ന്. എന്നാൽ പണ്ട് , സംന്യാസത്തിന് പോകുമ്പോൾ മാതാപിതാക്കൾക്കൊന്നും കൂടെ പോകാൻ ആവില്ല. തന്റെ മാതാവിന്റെയും പിതാവിന്റെയും തലമുറകളുടെ മുഴുവനും പിണ്ഡാദിക്രിയകളും ചെയ്താണ് ഒരാൾ ആത്മജ്ഞാനത്തിലേക്കു പോകുന്നത് – വംശപരമ്പരയില്ലാതാകുന്നത്. വംശവൃക്ഷം അവസാനിക്കുന്നതു കാണാൻ മാതാപിതാക്കൾക്കും മറ്റു ബന്ധുമിത്രാദികൾക്കൊന്നും മനസ്സുവരില്ല. അതുകൊണ്ടവർ ആ ചടങ്ങിലുണ്ടാവില്ല. പക്ഷേ, സംന്യാസച്ചടങ്ങ് ഇന്ന് ബഹളമയമാണ്. പാദപൂജകളും പൂക്കൾകൊണ്ട് അലങ്കരിച്ച തേരിൽ കയറ്റിക്കൊണ്ടുപോകലുമൊക്കെ കാണാം. മാതാപിതാക്കൾ മകന്റെ ആധ്യാത്മികത ആഘോഷിക്കുകയാണിവിടെ ; മകൻ സംന്യാസിയാണെന്ന് അഭിമാനിക്കുകയാണ്. തന്റെ കുടുംബത്തിലൊരാൾ കന്യാസ്ത്രീയാണ്, പള്ളീയിലച്ചനാണ് എന്നഭിമാനിക്കുന്ന ക്രിസ്തീയകുടുംബാഭിമാനത്തെ അനുകരിച്ചുകൊണ്ടുള്ള മാറ്റമാണ് സംന്യാസത്തിലും കാണാനാകുന്നത്. പണ്ട് കുടുംബങ്ങൾ സംന്യാസത്തിൽ അഭിമാനിച്ചിരുന്നില്ല. കാരണം, അവൻ കുടുംബത്തിന് എന്നേയ്ക്കുമായി നഷ്ടപ്പെടുകയാണ്. ഇന്നാണെങ്കിൽ സംന്യാസം കുടുംബത്തിന് വരുമാനമുണ്ടാക്കുന്നതാണ്. സന്യാസിയെ മുൻനിർത്തി സൊസൈറ്റികളും ട്രസ്റ്റുകളുമൊക്കെ സർവസാധാരണമായി വരികയാണ്. അതുകൊണ്ട് ഇതൊക്കെ സ്വപ്നജാഗ്രത്തുകളുടെ കളിയാണെന്നു മനസ്സിലാക്കണം. ഇവിടെയാണ് സൃഷ്ടിയുടെയും സ്ഥിതിയുടെയും രഹസ്യമിരിക്കുന്നത്. സൃഷ്ടിയും സ്ഥിതിയും ഒരുമിച്ചു പോകേണ്ടതാണ് ; ജാഗ്രത്തും സ്വപ്നവും പോലെ.
തുടരും…..

Leave a Reply