ക്ഷേത്രരഹസ്യവും ദേവതകളും ( അവസാനഭാഗം)

0

സ്വാമി നിർമ്മലാനന്ദഗിരിമഹരാജ്

ആധുനികലോകമെമ്പാടും സംഹാരത്തിന് ഒരുക്കം കൂട്ടുമ്പോൾ ഭാരതത്തിന്റെ സംഹാരദേവത, ഋഷിസങ്കല്പത്തിന്റെ ജാജ്ജ്വല്യമാനമായ വിജ്ഞാനത്തിൽ, കൈലാസാചലത്തിൽ സമാധിസ്ഥനായി ഇരിക്കുകയാണ്

ഓങ്കാരത്തിന്റെ അകാര ഉകാര മകാരങ്ങളും കടന്ന് അമാത്രയിലെത്തുക – അകാരം സൃഷ്ടിയുടെയും ഉകാരം സ്വപ്നത്തിന്റെയും മകാരം സുഷുപ്തിയുടെയും തലങ്ങളാണ്. ഇവയും കടന്ന് തുരീയത്തിന്റെ തലത്തിലെത്തുക. സൃഷ്ടി സമ്യക്കായി അവസാനിച്ച്, സംരക്ഷണമെല്ലാം തീർന്ന് നിർജീവമായൊരു അവസ്ഥയിലെത്തുമ്പോൾ ശിവമായി. അങ്ങനെയുള്ള ശിവത്തെയാണ് ഭാരതീയർ ആരാധിച്ചത് – ശൈവസങ്കല്പം. ഈ ശിവശീർഷത്തിലെത്തുമ്പോൾ, നമ്മുടെ കൈലൊന്നും വേണ്ട; ഒരു ആലംബനവും വേറെ വേണ്ട – ഒരേയൊരു ആലംബനമേ വേണ്ടൂ , അക്ഷരം; ബ്രഹ്മപരമായ അക്ഷരം. ഇതാണ് ജ്ഞാനത്തിന്റെ വഴി. ആ ഒരു ആലംബനത്തിന്റെ കേന്ദ്രബിന്ദുവിൽ സമുജ്ജ്വലമായി നിലനില്ക്കുക – സദാചാരമര്യാദകളൊന്നും ലംഘിക്കാതെ സംഹാരമൂർത്തിയെ സമന്വയിപ്പിച്ചു നിർത്തുക. ഭാരതീയ ദേവതാസങ്കല്പവും ഭാരതീയ വൈജ്ഞാനികതയും ഇത്രയും സമുജ്ജ്വലമായിട്ടാണ് സൃഷ്ടിസ്ഥിതിസംഹാരങ്ങളെ കോർത്തിണക്കിയിരിക്കുന്നത്.

മാനവചേതനയിൽ ഉറഞ്ഞുകൂടിയിരിക്കുന്ന സൃഷ്ടിയുടെ രഹസ്യങ്ങളെക്കാൾ, സ്ഥിതിയുടെ രഹസ്യങ്ങളെക്കാൾ സംഹാരരഹസ്യത്തിനാണ് ജീവിതത്തിലുടനീളം ഏറെ പ്രാധാന്യം. ഒരുവൻ അനുഭവിക്കേണ്ടുന്ന ശാന്തിയിലും സമാധാനത്തിലുമൊക്കെ ഏറെ പ്രാധാന്യം നല്കേണ്ടത് ഈ രഹസ്യത്തിനാണ്. ഇവിടെയാണ് ആധുനികത പരാജയപ്പെട്ടത്. ആധുനികലോകം ഇതുവരെ സംഹാരചൈതന്യത്തെ ഇങ്ങനെ കണ്ടതേയില്ല. മനസ്സിൽ, വാക്കിൽ, പ്രവർത്തിയിൽ സംഹാരത്തിന്റെ ഭാവങ്ങളെ കടത്തിവിടുമ്പോൾ രാഷ്ട്രത്തിന്റെ സമുദായത്തിന്റെ, വ്യക്തിയുടെ, അറിവിന്റെ തലങ്ങളിലെല്ലാം സംഹാരത്തിന്റെ ദേവത അഴിഞ്ഞാടുകയാണെന്ന് ആധുനികർ തിരിച്ചറിഞ്ഞതുപോലുമില്ല.

ആധുനികലോകമെമ്പാടും സംഹാരത്തിന് ഒരുക്കം കൂട്ടുമ്പോൾ ഭാരതത്തിന്റെ സംഹാരദേവത, ഋഷിസങ്കല്പത്തിന്റെ ജാജ്ജ്വല്യമാനമായ വിജ്ഞാനത്തിൽ, കൈലാസാചലത്തിൽ സമാധിസ്ഥനായി ഇരിക്കുകയാണ്. സംഹാരത്തിന്റെ സംവർത്തകാഗ്നിയെ തന്റെ മൂന്നാംകണ്ണിൽ നിഗൂഹനം ചെയ്ത് മൂന്നാംകണ്ണടച്ച് ധ്യാനനിരതനായി ഇരിക്കുകയാണ്. ശാന്തി ആഗ്രഹിക്കുന്ന മാനവൻ – വ്യക്തിക്കും കുടുംബത്തിനും സമുദായത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും ശാന്തി ആഗ്രഹിക്കുന്ന മാനവൻ – മംഗളകാരകനായ ശിവനെ ധ്യാനിക്കണം. തന്നിലെ ശിവനെ ധ്യാനിച്ച് സംഹാരത്തിന്റെ ദേവതയെ ശാന്തമായൊരു സമാധിയിലൊതുക്കിവെക്കണം. സൃഷ്ടിയുടെയും സ്ഥിതിയുടെയും ദേവതകൾക്ക്, സൃഷ്ടിയും സ്ഥിതിയും തടയപ്പെടാതെ നീങ്ങാൻ അനുമതി നല്കണം. തന്നിലെ സൃഷ്ടിയെയോ സ്ഥിതിയെയോ ഒരുവൻ നേരിടാനാണ് ഒരുങ്ങുന്നതെങ്കിൽ , അവിടെ സംഹാരദേവത സംഹാരതാണ്ഡവമാടും ; പുനർജീവിതം തേടാൻ വിധിക്കപ്പെടും.

സമ്പത്തിനെ മുൻനിർത്തി ഭൗതികയാഥാർഥ്യങ്ങളോടു ധാർമികേതരമായി പ്രവർത്തിച്ചാൽ, സൃഷ്ടിയുടെയും സ്ഥിതിയുടെയും ദേവതകളെ മറികടന്ന് സംഹാരത്തിന്റെ ദേവതയെ തുറന്നുവിടാനിടയാകും. തുറന്നുവിട്ടാൽ, അടുത്തക്ഷണത്തിൽ വിനാശകരമായൊരു ഇതിഹാസമുണ്ടാകുമെന്ന് വ്യക്തിയും കുടുംബവും സമുദായവും രാഷ്ട്രവും അറിയണം. ഇത്തരമൊരു ഉജ്ജ്വലപാഠമാണ് ശിവൻ നമുക്കു തരുന്നത്. ആ ശിവന്റെ ശീർഷകത്തിൽ, കൈലാസാചലത്തിൽ സമാധിസ്ഥനായിരിക്കുന്ന ശിവന്റെ പാദാരവിന്ദങ്ങളിൽ പ്രണമിക്കുന്നത് ഇക്കാലത്ത് ഉചിതമാണ്. അനുക്ഷണം മംഗളകാരിയായ, സംഹാരത്തിന്റെ ദേവതയായ, സമാധിസ്ഥനായ ശിവന്റെ പാദാരവിന്ദങ്ങളിൽ ഭക്തിപൂർവം നമുക്ക് പ്രണയിക്കാം.

എല്ലാത്തിനും യുക്തിതേടിപ്പോകുന്നവർ

ആധുനിക ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യകളുടെയും വഴിയില്‍ ഭൗതികശരീരത്തെയും കോശകോശാന്തരത്തെയുമെല്ലാം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സൂക്ഷ്മശരീരത്തെക്കുറിച്ച് പഠിക്കാനും പഠിപ്പിക്കാനും തയ്യാറെടുക്കുന്നില്ല.ഇന്നത്തെ ഒരു ആധുനിക വിദ്യാര്‍ഥി പരീക്ഷയെ അഭിമുഖീകരിക്കുമ്പോഴുണ്ടാകുന്ന മാനസിക പ്രശ്നം നാം കണ്ടതാണ്.

എന്നാൽ അന്നത്തെ ഒരു കുട്ടി, പരീക്ഷയെഴുതാൻ രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അവന്റെ കൈയിൽ ഒരു തുടം എണ്ണ ഏല്പിച്ച്, ക്ഷേത്രത്തിൽ കൊടുത്ത് തൊഴുതു പോകണമെന്ന് അവന്റെ അമ്മ പറയും. അതോടു കൂടി നിന്റെ മാനസിക പ്രശ്നങ്ങൾ തീരുമെന്ന് അമ്മ പറയുമ്പോൾ, അവനെ അവന്റെ സ്വപ്നത്തിലേക്കാണ് ആ അമ്മ ഏല്പിക്കുന്നത്.

അപ്പോൾ അവനു പരീക്ഷയെഴുതുവാനുള്ള തന്‍റേടം ലഭിക്കുന്നുണ്ട്.’സജഷൻ തെറാപ്പി’ യുടെ സജീവമാതൃകയിൽ വെച്ച്, തന്റെ സ്വാപ്നികദേവതയെ ശിലയിലോ മരത്തിലോ ഏല്പിച്ച്, യുക്തിയൊന്നും കടന്നുവരാതെ വിശ്വാസപൂർവം കടന്നു പോകുമ്പോൾ സാന്ത്വനമേകുന്ന സൂക്ഷ്മശരീരം രോഗത്തിന്റെ ലോകങ്ങളിൽ നിന്ന് എങ്ങനെയെല്ലാം ഒരുവനെ രക്ഷിക്കുന്നുവെന്ന് ആലോചിച്ചു നോക്കേണ്ടതാണ്. ദൈവവ്യപാശ്രയ ത്തിന്റെ, സൂക്ഷ്മ ശരീരത്തിന്റെ, കാരണ ശരീരത്തിന്റെ, അന്തഃസ്ഥലങ്ങളിലേക്ക് ഒരു ആധുനിക വൈദ്യശാസ്ത്രവും ഭൗതികന്യായേന ഇന്നും വികസിച്ചിട്ടില്ല.

ദൈവവ്യപാശ്രയത്തിന്റെ ലോകങ്ങളിൽ വിശ്വാസപൂർവം കഴിയുമ്പോഴാണ് ചിലർക്ക്, താൻ ദൈവത്തെകണ്ടു, കേട്ടുവെന്നൊക്കെ തോന്നുന്നത്.ഇന്ത്യൻ ഗ്രാമങ്ങളിൽ മത്സ്യം പിടിച്ച് ജീവിക്കുന്നവനും കൃഷിപ്പണിയെടുത്ത് ജീവിക്കുന്നവനുമൊക്കെ യാതൊരു ആടയാഭരണങ്ങളുമില്ലാത്ത ദൈവത്തെ കണ്ടുവെന്നു പറഞ്ഞാൽ, കണ്ടിരിക്കുമെന്നു തന്നെ വിശ്വസിക്കേണ്ടി വരും. യുക്തിഭദ്രമായ ശാസ്ത്രത്തിന്റെ പ്രണേതാക്കളായ പാശ്ചാത്യൻ വരെ, അത് സമ്മതിച്ച് അവന്റെ കാൽക്കൽ വന്നു വീഴുകയും ചെയ്യും. സൂക്ഷ്മ ശരീരം അലങ്കോലപ്പെട്ടു കഴിഞ്ഞുവെങ്കിലും അതിന്റെ ബാക്കി കിടക്കുന്നതു കൊണ്ടാണ് ഇവർക്ക് ഇതൊക്കെ സമ്മതിക്കേണ്ടിവരുന്നത്.പ്രത്യക്ഷത്തിൽ ഇതിനെയൊക്കെ ശക്തമായി എതിർക്കുകയും എന്നാൽ രഹസ്യമായി ഇവരുടെ കാൽക്കൽ വീണ് മടങ്ങുകയും ചെയ്യുന്നവരുണ്ട്.അതും, ഈ ബാക്കിയുടെ കളികൊണ്ടാണെന്ന് തിരിച്ചറിഞ്ഞാൽ അവരെ കുറ്റം പറയാൻ തോന്നുകയുമില്ല.

Leave a Reply