രഞ്ജി ഫൈനൽ: ഡൽഹി ഭേദപ്പെട്ട സ്കോറിലേക്ക്

0

ഇൻഡോർ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്കെതിരേ ഡൽഹി ഒന്നാം ഇന്നിംഗ്സിൽ ഭേദപ്പെട്ട സ്കോറിലേക്ക്. ദ്രുവ് ഷോരെയുടെ സെഞ്ചുറിക്കരുത്തിൽ ഒന്നാം ദിനം കളിനിർത്തുന്പോൾ ഡൽഹി 271/6 എന്ന നിലയിലാണ്. 123 റണ്‍സോടെ ദ്രുവ് ക്രീസിലുണ്ട്. അഞ്ച് റണ്‍സുമായി വികാസ് മിശ്രയാണ് കൂട്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് തുടക്കം മോശമായിരുന്നു. സ്കോർ ബോർഡിൽ 30 റണ്‍സ് എത്തിയപ്പോഴേയ്ക്കും ഓപ്പണർമാർ പവലിയനിൽ തിരിച്ചെത്തി. ഗംഭീർ 15 റണ്‍സിനും ചന്ധേല റണ്‍സ് എടുക്കുന്നതിന് മുൻപും പുറത്തായി. നിതീഷ് റാണയും റിഷഭ് പന്തും 21 റണ്‍സ് വീതം നേടി മടങ്ങിയതോടെ സ്കോർ 99/4 എന്ന സ്ഥിതിയിലായി.

അഞ്ചാം വിക്കറ്റിലാണ് ഡൽഹി ഉൗർജം കണ്ടെത്തിയത്. ദ്രുവ് ഷോരെ-ഹിമ്മത് സിംഗ് കൂട്ടുകെട്ട് ഡൽഹിയെ തകർച്ചയിൽ നിന്നും കരകയറ്റുകയായിരുന്നു. അതിവേഗത്തിൽ സ്കോർ ചെയ്ത ഹിമ്മത് സിംഗ് 72 പന്തിൽ 66 റണ്‍സ് അടിച്ചെടുത്തു. എട്ട് ഫോറും രണ്ട് സിക്സും അടങ്ങിയതായിരുന്നു ഹിമ്മതിന്‍റെ ഇന്നിംഗ്സ്. ഇരുവരും ചേർന്ന് 105 റണ്‍സാണ് ഡൽഹിക്ക് സമ്മാനിച്ചത്. ഹിമ്മത് പുറത്തായ ശേഷം വന്ന മന്നൻ ശർമയാണ് ആദ്യ ദിനം അവസാനം പുറത്തായത്.

ഒരു വശത്ത് വിക്കറ്റുകൾ കൊഴിഞ്ഞപ്പോഴും ക്ഷമയോടെ ബാറ്റ് വീശിയ ദ്രുവ് 17 ബൗണ്ടറികളുടെ സഹായത്തോടെയാണ് ശതകം പൂർത്തിയാക്കിയത്. വിദർഭയ്ക്ക് വേണ്ടി താക്കറെയും ഗുർബാനിയും രണ്ടു വീതം വിക്കറ്റുകൾ നേടി.

Leave a Reply