ഉനൂച്ചി

0

ശൂന്യതയുടെ മട്ടുപ്പാവിലേക്ക് മൂകതപസ്സിയായി ഞാൻ കുടിയേറ്റം ചെയ്യപ്പെട്ടിരിക്കുന്നു. ആത്മാവിന്റെ ചില്ലകളിൽ പ്രണയത്തിന്റെ പൂക്കൾ ഇളം നീല നിറത്തിൽ വശ്യത നൽകിയ ഭൂതകാലക്കുളിരിൽ ഞാനിനിയും മൗനിയായി തുടരട്ടെ. മരണത്തിന് മുമ്പ് ഞാനേതോ നിഗൂഢതയുടെ അർത്ഥവ്യാപ്തിയളന്ന് വീണ്ടും നിശബ്ദനാവുകയും പിന്നെ തേങ്ങുകയും ചെയ്യട്ടെ.

ഒരാത്മ കഥയുടെ ആദ്യ വരികൾ ഒരിക്കലും കാവ്യാത്മകമാവില്ലെന്ന് ആർക്കാണറിയാത്തത്. അത് കൊണ്ട് തന്നെയാണ് ഞാനീ വാക്കുകൾ നെഞ്ചോട് ചേർക്കുകയും ആ കഥയുടെ കഥാകൃത്ത് കൂടിയായ റാഫേൽ ഉനൂച്ചിയെ തിരഞ്ഞിറങ്ങുകയും ചെയ്തത്. ഉനൂച്ചി എന്ന തൂലികാനാമത്തിൽ വായനക്കാരെ അത്ഭുതപ്പെടുത്തിയ പ്രണയരാജകുമാരൻ തന്റെ ആത്മകഥയിലും പ്രണയത്തെ ഉപേക്ഷിക്കാൻ വകയില്ലല്ലോ. പ്രണയം വഴങ്ങാത്ത കഥാകൃത്ത് എന്നു മുതലാണ് തീവ്ര പ്രണയത്തിന്റെ ആന്തോളനങ്ങളിൽ വായനക്കാരെ ഭ്രമിപ്പിച്ചു തുടങ്ങിയതെന്നറിയാതെ വിശ്രമിക്കാൻ എനിക്കാവില്ലായിരുന്നു.

ഉനൂച്ചി ഒരു പ്രതിഭാസത്തിന്റെ പേരായി മാറിയതിന്റെ പ്രായോഗീകതയിൽ ഞാൻ നിശബ്ദനായതിനെ പ്രണയം എന്നു തന്നെ വിളിക്കുന്നു. അത്രമേൽ അദ്ദേഹം എന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു. യാഥാർത്ഥ്യങ്ങളെ മറച്ച് ഞാൻ അനുരാഗിയെന്നൊളിക്കാൻ കഴിയാതെ കുഴങ്ങിയെന്ന് സത്യം.

ഇരുട്ട് മൂടിയ മുറിയിലെ അരണ്ട നീല വെളിച്ചത്തിൽ ഉനൂച്ചിയുടെ മുഖവും വെള്ളക്കുപ്പായവും നീലിച്ചു നിന്നു. രതിയുടെ ആരംഭ ക്രിയ പോലെ ഉന്മാദമായൊരുദ്ദാരണത്തിലേക്ക് ഞാനാനയിക്കപ്പെട്ടു. ഗാഢമായൊരു ചുംബനത്തിന്റെ വിറയൽ ശരീരത്തിലൂടെ ഇഴഞ്ഞു കയറുകയും രോമകൂപങ്ങളിൽ തീവ്രമായൊരു വിദ്യുച്ചക്തിപ്രവാഹം ഉണ്ടാവുകയും അവകൾ എഴുന്നേറ്റു നിൽക്കുകയും ചെയ്തു. ഒരേ ഉന്മാദത്തിലേക്കിറങ്ങുന്ന മൂകതയുടെ രണ്ടറ്റങ്ങളിൽ ഞാനും ഉനൂച്ചിയും ഭിന്നിച്ചു നിന്നു.

വാക്കുകൾ, ശബ്ദങ്ങൾ, അക്ഷരങ്ങൾ എല്ലാം ബാലികേറാ മലയാവുന്ന പ്രഹേളികകൾ രൂപപ്പെടുകയും നിർനിമേഷത്തിന്റെ പർവ്വതം രൂപപ്പെടുകയും ചെയ്തു. ഉനൂച്ചി നിശബ്ദനാണ്. ആ നിർവാചകാനുഭൂതികളിലാണയാൾ കവിയും കഥാകൃത്തുമാവുന്നത്. അനേകം കടലാസു തുണ്ടുകൾ ചുരുട്ടിയെറിഞ്ഞ മുറിയിലെ തറയ്ക്ക് അലങ്കാര മത്സ്യങ്ങൾ നീന്തിത്തുടിക്കുന്ന അക്വേറിയത്തിന്റെ ഭംഗിയുള്ളത് പോലെ എനിക്ക് തോന്നി. ഒരു മത്സ്യത്തെ പിടിക്കുന്ന ശ്രദ്ധയോടെ ഞാനൊരു കടലാസ് കഷ്ണം തറയിൽ നിന്നെടുത്തു. ചുരുട്ടിയെറിയപ്പെട്ടതിന്റെ രോഷം നിലനിർത്തിക്കൊണ്ടത് നിവരാൻ വൈമനസ്യം കാണിച്ചു. പക്ഷേ മനുഷ്യൻ എന്ന അധികാരത്തിന്റെ അഹങ്കാരത്തിനു മുന്നിൽ ഭാഗികമായി കീഴടങ്ങി അതിപ്രകാരം പറഞ്ഞു:

”സ്ത്രീയെ വർണ്ണിക്കുമ്പോൾ മൂക്കിലും മുലയിലും നിർത്തുക.

കണ്ണുകളിലേക്ക് നോക്കരുത്. അഗാധമായ ഒരു പ്രണയച്ചുഴിയുണ്ടവിടെ, ഭ്രാന്ത് വിളമ്പുന്ന ഒഴുക്കും ഉന്മാദവും ഉണ്ടവിടെ,

നിങ്ങൾക്ക് ഭ്രാന്തുണ്ടോ? ഇല്ലെങ്കിൽ നിങ്ങൾ സ്ത്രീയെ അവഗണിക്കുക. അവളേക്കാൾ ഭ്രാന്തമായതൊന്നും ഇല്ല. നിങ്ങൾക്കു ഭ്രാന്തുണ്ടെങ്കിൽ നിങ്ങൾ പ്രണയിക്കുക അതിനേക്കാൾ ഉന്മാദമേതുമില്ലെന്നറിഞ്ഞ് നിങ്ങൾ ഭ്രാന്തിനേക്കാൾ ഭ്രാന്തമാവും…

സ്ത്രീയെ കവിതയെന്ന് വിളിക്കുന്നു. നിഗൂഢാർത്ഥങ്ങളിലേക്കുള്ള വളഞ്ഞു പുളഞ്ഞ വഴികളാണവർ, വായിക്കുന്നവന്റെ താത്പര്യ പ്രകാരം അർത്ഥ വ്യതിയാനങ്ങൾ സംഭവിക്കുന്ന കവിതകൾ…”

എവിടെയാണ് ഉപേക്ഷിക്കപ്പെടുന്നതിന്റെ നോവുകൾ ആരംഭിക്കുന്നത്? അചേതന വസ്തുക്കളിൽ അത്തരം നോവുകൾ ഉണ്ടാവുമോ? സത്യത്തിൽ ഓരോ യാത്രകളുടേയും പര്യവസാനങ്ങൾക്കു മുമ്പ് നാം ചുരുട്ടിയെറിഞ്ഞ അനേകം വസ്തുക്കൾ ഇല്ലേ? അവയ്ക്കൊപ്പം നാം അലയാൻ അനുവദിച്ച അനേകം നിശബ്ദതകളില്ലേ? ഏറ്റവും വാചാലമായ മൗനങ്ങളുടെ ആഴങ്ങൾ രൂപപ്പെട്ടത് അത്തരം അചേതനകളിലായിരുന്നല്ലോേ.. അപ്പോൾ മൗനം നിർജീവാവസ്ഥയാവുമോ? അല്ലങ്കിൽ സത്വബോധത്തിന്റെ മൂർദ്ദന്യതയിൽ നാം ഉൾവലിഞ്ഞ ജീവസ്സുറ്റ പ്രവണതയുടെ ചുരുക്കെഴുത്താവുമോ..? എന്താണ് മൗനം?

ഉനൂച്ചിയുടെ മുറിയിൽ അനേകം ചുരുക്കെഴുത്തുകൾ ഉണ്ട്. പ്രണയവും ലൈംഗീകതയും ഉറഞ്ഞുരുവപ്പെട്ട നിർവ്വചനങ്ങളും വിശദീകരണങ്ങളും ഉണ്ട്. മൗനത്തിന്റെ വ്യാപ്തിയിലേക്ക് മരണത്തിന്റെ യാത്രകളുടെ ദൂരങ്ങളും രൂപങ്ങളും ഉണ്ട്. അതെ, ഞാനും മൗനിയാവുന്നതിനെ ഭോഗിക്കുന്നു..

ആത്മകഥയിൽ ഉനൂച്ചിയെഴുതിയ പ്രണയത്തിന്റെ മധുര മാമ്പഴക്കാലത്തിന്റെ തേനിറങ്ങിയെന്റെ ഹൃദയം വല്ലാത്തൊരു ലഹരി നുണഞ്ഞത് പോലെ തുടിച്ചു. റാഫേലിനെ ഉന്മാദിയാക്കിയ ക്രിസ്റ്റീന ഷയിൻസ്റ്റി. അവൾക്കദ്ദേഹം നൽകുന്ന പേരാണ് രസകരമായി തോന്നിയത് കലമാൻ എന്ന്. അങ്ങനെ വിളിക്കുന്നതിന്റെ നീതിയുക്തി അദ്ദേഹം തന്നെ പറയുന്നുണ്ട്. നീണ്ട കണ്ണുകളിലവൾ ഒരു പ്രപഞ്ചത്തെ ഒളിപ്പിക്കുന്നുവെന്ന്.

അപ്പോൾ അവളുടെ മിഴിയനക്കങ്ങളിൽ മാത്രമാണ് ഈ പ്രപഞ്ചത്തിന്റെ ഓരോ അണുക്കളും രൂപപ്പെടുകയും സംഗമിക്കുകയും വിഘ്നിക്കുകയും ചെയ്യുന്നതെന്ന് അദ്ദേഹം ചിന്തിക്കുന്നു. അഥവാ കണ്ണുകൾ ഒരു തരം ഗാഢവും രൂഢവുമായ പ്രണയത്തിന്റെ മഹാവിസ്ഫോടനങ്ങളെ സൃഷ്ടിക്കുകയും അതിലനേകം പ്രപഞ്ച സത്യങ്ങളെ ആവാഹിക്കുകയും പുതു സത്യങ്ങളായി അവകൾ ബഹിർഗമിക്കുകയും ചെയ്യുന്നു. കണ്ണുകൾ; മൗനിയായ ഭാഷിണിയാണ്. മൗനം കറുപ്പിലാണsയാളപ്പെടേണ്ടത്. നിറങ്ങൾ മൊത്തമായി സംഗമിക്കുന്നിടം കറുപ്പാവുന്നത് പോലെ ശബ്ദങ്ങൾ അനേകമായി സംഗമിക്കുന്നിടം മൗനമാവുന്നു.

ചിലപ്പോൾ ഭീകരമായൊരു ശബ്ദത്തിലേക്കുള്ള തയ്യാറെടുപ്പാവാം ഓരോ മൗനങ്ങളും. അപ്പോൾ അവകൾ കയറ്റിറക്കങ്ങളില്ലാതെ നേർ രേഖകളായി ഒഴുകുന്നൊരു തരംഗമായി മാറുകയാവാം. അറ്റങ്ങളിലപ്പോൾ സൂചിമുന പോലെ കൂർത്ത്; പ്രിയമുള്ളവരുടെ ഇടനെഞ്ചിലേക്ക് ആഴ്ന്നിറങ്ങുകയാവാം..

ഉനൂച്ചി, കാലിയായ കോണിയാക്കിന്റെ ബോട്ടൽ ചുവരിലേക്കെറിഞ്ഞുടച്ചു. അപ്പോൾ ചില്ലുകളായി മൂകത ഭിന്നിക്കുകയും വീണ്ടും ഒന്നിക്കുകയും ചെയ്തു. ശേഷം വന്ന നിശബ്ദതയെ വെറുപ്പെന്ന് ഞാൻ വിളിക്കുന്നു. എന്റെ സാന്നിധ്യത്തിൽ അലോസരപ്പെട്ടവന്റെ നിശബ്ദതയുടെ ആഴം അത്രമേൽ തീവ്രമാകയാൽ…

എനിക്കറിയേണ്ടത് ഒന്നു മാത്രം. ക്രിസ്റ്റീന ഷെയിൻസ്റ്റിയെന്ന വെള്ളാരം കണ്ണുള്ള കലമാൻ കവിതയെ കുറിച്ച് മാത്രം. എന്തിനിത്രമേൽ ഭ്രാന്തമായവൾ പ്രണയിക്കപ്പെടുന്നെന്ന് അറിയണം. ആരും പ്രേമിക്കപ്പെടാത്തത്രയും ഗാഢമായവൾ പ്രേമിക്കപ്പെടുകയും ചുംബിക്കപ്പെടുകയും ചെയ്യുന്നതിന്റെ ഹേതുവെന്ത്?

മൗനത്തിനുമപ്പുറം തപസ്സരുതാത്തവനായ ഉനൂച്ചിയിൽ നിന്നെന്തു കിട്ടാൻ.. ചുരുട്ടിയെറിഞ്ഞ തുണ്ടു പേപ്പറുകളിൽ കണ്ണോടിച്ച് ഞാനാവർത്തിച്ചാവശ്യപ്പെട്ടിട്ടും അദ്ദേഹം മൂകതപസ്സിയായി തന്നെ തുടർന്നു. “ഹേ… ഭ്രാന്തൻ കഥാകൃത്തേ… നിങ്ങൾ എന്തിനിങ്ങനെ ക്രൂരനാവുന്നു. വായനക്കാരന്റെ മനസ്സ് നിങ്ങൾക്ക് കളിപ്പാട്ടമാണോ?”

ഏതാജ്ഞകൾക്കും കുലുക്കാൻ കഴിയാത്ത ആത്മബലത്തിന്റെ രൂപം പൂണ്ട് അയാൾ എന്തോ കുറിച്ചിട്ടു. പിന്നീടത് ചുരുട്ടിയെറിഞ്ഞ് വിചിത്രമായൊരു ശബ്ദം പുറപ്പെടുവിച്ചു. അക്ഷരങ്ങളില്ലാത്ത ശബ്ദം… എന്തോ ആയാസപ്പെട്ടദ്ദേഹം പറയാനാഗ്രഹിക്കുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന് കൂട്ടിരിക്കാൻ ക്രമമായി ചിട്ടപ്പെടുത്തിയ അക്ഷരങ്ങൾ ചേർന്ന ശബ്ദമില്ലെന്നാർക്കറിയാം? അദ്ദേഹം നാവില്ലാത്ത കഥാകൃത്താണ്. ചിലപ്പോൾ ജനിച്ചപ്പോൾ തൊട്ടേ അങ്ങനെയായിരിക്കാം. അല്ലെങ്കിൽ പിന്നീടെപ്പോഴോ അദ്ദേഹത്തിന് നഷ്ടമായതാവാം. അങ്ങനെയെങ്കിൽ ക്രിസ്റ്റീനയെ അദ്ദേഹം പരിചയപ്പെട്ടതും അവളോട് ഇടപഴകിയതും ശബ്ദങ്ങളില്ലാത്ത ലോകത്ത് വെച്ചായിരിക്കുമോ?

നിശബ്ദതയിലെ പ്രണയ പങ്ക് വെപ്പുകൾ എത്രമാത്രം ഹൃദ്യമായിരിക്കും? ഒരാൾ തന്റെ വികാരങ്ങളെ എങ്ങനെയാവും മൗനം കൊണ്ടടയാളം വെക്കുന്നത്? എപ്പോഴാവും ഇരുവർക്കുമിടയിൽ ഒരേ വികാരത്തിന്റെ സംഗമവും ഏകോപനവും സംഭവിക്കുന്നത്? അഥവാ ക്രിസ്റ്റീനയും മൂകയായിരുന്നുവോ? ഇനിയത് കഥാകൃത്തിന്റെ വെറും കെട്ടുകഥയാവുമോ? അങ്ങനെയെങ്കിൽ ഏറ്റവും വലിയ വേദനയുടെ ആഴങ്ങളിൽ അദ്ദേഹം നീന്തിത്തുടിച്ചു കാണും, അതും പല ആവർത്തി..

മഷി ഉണങ്ങിയിട്ടില്ലാത്ത കടലാസു കഷ്ണത്തിൽ അയാളാവശ്യപ്പെട്ടത് പിന്തിരിഞ്ഞു പോകാൻ മാത്രമായിരുന്നു. അതു തന്നെ ഏറ്റവും രോഷാകുലമായൊരവസ്ഥയിൽ. അദ്ദേഹം വരണ്ടുണങ്ങിയ മരുഭൂമിയാണെന്നും അവിടെ വസന്തങ്ങൾ പിറക്കുമെന്നത് ദുരാഗ്രഹമാണെന്നും ഞാനൂഹിച്ചു കഴിഞ്ഞിരുന്നു. പക്ഷേ ഞാനൊരു പെണ്ണും അദ്ദേഹമൊരു പുരുഷനുമാകയാൽ നമുക്കിടയിൽ ഒരു കാന്തിക പ്രഭാവലയം രൂപപ്പെടുമെന്നും അതു നമ്മെ കൂടുതൽ ഇണ ചേർക്കുമെന്നും ഞാനാശിച്ചു.

ഏതവഗണനയും നമുക്ക് നിസ്സാരമാവും. അവർ നമുക്ക് പ്രിയപ്പെട്ടവരാണെങ്കിൽ. ഉദാഹരണത്തിന് നാമയക്കുന്ന സന്ദേശങ്ങൾ തുടർച്ചയായി സ്വീകരിച്ചിട്ടും പ്രതിവചനങ്ങൾ നൽകാത്ത എത്ര പേർ ഉണ്ട്. എന്നിട്ടും നാമവരോട് നിർവിഘ്നം വിശേഷങ്ങളാരായുന്നില്ലേ? ഒരേ ആഗ്രഹത്തിലേക്കുള്ള ഭൗതീകമായൊരു പഥം മാത്രമായിട്ടതിനെ തള്ളാനൊക്കുമോ? അവിടെ ഖനീഭവിക്കുന്ന മൂകതയെ തത്പരത എന്നതിനുമപ്പുറം പ്രിയപരത എന്ന ആത്മീയ വായനയിലേക്ക് കൂടി എഴുന്നുള്ളിക്കാമല്ലോ? ഒരു പ്രണയവിശ്വാസിയുടെ പ്രാർത്ഥനകളാണ് പ്രണയാഭ്യർത്ഥനകൾ. എത്ര തവണകളിലായി അയാൾ നിരസിക്കപ്പെടുന്നുണ്ട്. പലപ്പോഴും അവഗണിക്കപ്പെടുകയും പുഛിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നിട്ടും അയാൾ തന്റെ പ്രാർത്ഥന തുടരുന്നതിന്റെ സാംഗത്യം എന്താവും? പ്രിയപരത (Lovism) തന്നെയാവും അല്ലേ?

ശബ്ദങ്ങളില്ലാത്തവന്റെ അവസ്ഥ അതിദാരുണം തന്നെയെന്ന് തോന്നിയിട്ടുണ്ടാവണം എനിക്ക്. ഉനൂച്ചിയുടെ വായനക്കാരിൽ പലർക്കും അറിയാത്ത ഒരു സത്യമാണത്. അദ്ദേഹത്തിന്റെ നിശബ്ദതയെ കുറിച്ച്.

ആത്മകഥയിലെ ആദ്യ ഭാഗങ്ങൾ അർത്ഥമാക്കിയതെന്ത് എന്നതിപ്പോൾ എനിക്ക് സുപരിചിതമാവുന്നു. മൂകതയുടെ ഉച്ചിയിൽ അദ്ദേഹം അരസികനും വിരസനുമായിട്ടുണ്ടാവണം. ചിലപ്പോൾ അദ്ദേഹം മരണത്തെ കുറിച്ച് ചിന്തിക്കുകയും ആത്മഹത്യയ്ക്കായി തയ്യാറുകൾ ചെയ്തിട്ടുമുണ്ടാവാം..

ഏകാന്തതയുടെ നോവ് തിന്ന് വീർത്ത ഒരാൾ ഹൃദയം പൊട്ടി മരിക്കുന്നതിൽ അത്ഭുതങ്ങളില്ല. പക്ഷേ അതയാളുടെ പ്രണയപർവ്വത്തിന് മുന്നിൽ ആവുമ്പോഴാണ് അതിദാരുണമാവുന്നത്. ഇടപഴക്കം കൊണ്ട് എനിക്കത് മറികടന്നേ പറ്റൂ. ഉനൂച്ചി മരിക്കേണ്ടവനല്ല.

തറയിലെറിയപ്പെടുന്ന കടലാസുകൾ ദിനം പ്രതി കൂടിക്കൊണ്ടിരുന്നു. വിഷാദത്തിന്റെ വരികൾക്ക് പകരം പ്രണയത്തിന്റെ തിരി തെളിഞ്ഞു. ഉനൂച്ചി കാമുകനായിരിക്കുന്നു.!

ഒരു സായാഹ്നത്തിൽ കണ്ണുകൾ കഥ പറഞ്ഞ ഭീകരമായൊരു മൗനത്തിന്റെ ഇരുപുറങ്ങളിലിരുന്ന് ഞങ്ങളാ കഥ പറഞ്ഞു. ക്രിസ്റ്റീന മരിച്ചതെങ്ങനെയെന്നും ഞാൻ പ്രിയപ്പെട്ടവളായതെന്തുകൊണ്ടെന്നും. അപ്പോൾ ഒരു വാർമഴവില്ല് ആകാശത്ത് പൂക്കുകയും വസന്തങ്ങളെ വിളംബരപ്പെടുത്തുകയും ചെയ്തു. ഞാൻ ഊർവ്വരതയിലേക്ക് കിതച്ചിറങ്ങി ഗാഢ ചുംബനത്തിൽ മിഴികളടച്ചു. വസന്തങ്ങളാൽ തീർത്ത അലങ്കാരങ്ങളിൽ ഞാനൊരുന്മാദിയായി അലയുകയായിരുന്നു അപ്പോൾ…

Leave a Reply