വിരാട് കോഹ്‌ലിക്ക് സെഞ്ചുറി: ഇന്ത്യക്ക് ആറു വിക്കറ്റ് ജയം

0

ഡർബൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യക്ക് ഏകദിന പരമ്പരയിൽ വിജയത്തുടക്കം. ഇരു ക്യാപ്റ്റൻമാരും സെഞ്ചുറി നേടി പോരടിച്ച മത്സരത്തിൽ വിജയം കോലിക്കും ഇന്ത്യക്കും ഒപ്പം നിന്നു. ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ഡുപ്ലെസിസിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ മികവിൽ 270 റൺസ് നേടിയെങ്കിലും 27 പന്ത് ബാക്കി നിൽക്കെ ഇന്ത്യ ലക്ഷ്യം മറികടന്നു. ക്യാപ്റ്റൻ വിരാട് കോലിയുടെ സെഞ്ചുറിയുടെയും അജിങ്ക്യാ രഹാനെയുടെ അർദ്ധ സെഞ്ചുറിയുടെയും ബലത്തിലാണ് ഇന്ത്യ മത്സരം സ്വന്തമാക്കിയത്. 119 പന്തിൽ നിന്ന് 10 ഫോറുകളുടെ അകമ്പടിയിൽ കോലി 112 റണ്ണെടുത്തു. മികച്ച പിന്തുണ നൽകി രഹാനെ 86 പന്തിൽ നിന്ന് അഞ്ചു ഫോറുകളുടേയും രണ്ടു സിക്സറുകളുടേയും പിൻബലത്തിൽ 79 റണ്ണുനേടി. ഫെഹ്ലുക്വോയോയുടെ പന്തിലാണ് ഇരുവരും പുറത്തായത്. 20 റണ്ണെടുത്ത രോഹിത് ശർമ്മ, 35 റൺസെടുത്ത ശിഖർ ധവാൻ എന്നിവരാണ് പുറത്തായ മറ്റു രണ്ടുബാറ്റ്സ്മാൻമാർ. ഹർദിക് പണ്ഡ്യ (3), എം.എസ്.ധോണി (4) എന്നിവർ പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റൻ ഡുപ്ലെസിസിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ മികവിൽ മാത്രമാണ് ഭേദപ്പെട്ട സ്കോർ നേടാനായത്. ഒരു ഭാഗത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും ക്ഷമയോടെ പിടിച്ചുനിന്ന് 112 പന്തിൽ നിന്ന് 120 റൺസടിച്ച് കൂട്ടി ക്യാപ്റ്റന്റെ കളി പുറത്തെടുത്ത ഡുപ്ലെസിസിസാണ് ദക്ഷിണാഫ്രിക്കയെ 269 റൺസിൽ എത്തിച്ചത്. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നും ചഹൽ രണ്ടും വിക്കറ്റ് നേടി.

Leave a Reply