എല്ലാവര്‍ക്കും ജോലി, വീട്, സൗജന്യ സ്മാര്‍ട്‌ഫോണ്‍; ത്രിപുരയില്‍ ബിജെപി യുടെ പ്രകടനപത്രിക.

0

എല്ലാവര്‍ക്കും ജോലി, സ്ത്രീകള്‍ക്കു ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം, എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കോളജ്, ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി യുവാക്കള്‍ക്കു സൗജന്യ സ്മാര്‍ട്‌ഫോണ്‍, ബിപിഎല്‍ കുടുംബങ്ങള്‍ക്കു സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, എല്ലാവര്‍ക്കും കുടിവെള്ളം, കുറഞ്ഞ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 2000 രൂപ, കുറഞ്ഞ കൂലി 340 രൂപ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു ശമ്പള വര്‍ധന…… ഇടതുഭരണമുള്ള ത്രിപുരയില്‍ ബിജെപിയുടെ വാഗ്ദാനപ്പെരുമഴയാണ്.

ഈ മാസം 18ന് നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ത്രിപുരയില്‍ 28 പേജുള്ള ‘വിഷന്‍ ഡോക്യുമെന്റ്’ ആണ് പ്രകടനപത്രികയായി ബിജെപി അവതരിപ്പിച്ചത്. കേരളം കഴിഞ്ഞാല്‍ ഇടതുഭരണമുള്ള ഏക സംസ്ഥാനമാണു ത്രിപുര. രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ക്ഷീണം ത്രിപുരയില്‍ മാറ്റാനാകുമെന്ന പ്രതീക്ഷയിലാണു ബിജെപി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന അജന്‍ഡയാണു പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നതെന്നു വിഷന്‍ ഡോക്യുമെന്റ് പ്രകാശനം ചെയ്തുകൊണ്ടു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരെ ആകര്‍ഷിക്കാനുള്ള തന്ത്രങ്ങളും ബിജെപി നടത്തിയിട്ടുണ്ട്.

ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്‍ സംസ്ഥാന ജീവനക്കാര്‍ക്കും നടപ്പാക്കുമെന്നാണു മുഖ്യപ്രഖ്യാപനം. എല്ലാ കരാര്‍, താല്‍ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനവുമുണ്ട്. വ്യവസായിക വളര്‍ച്ച ലക്ഷ്യമിട്ടു സംസ്ഥാനത്തു നിക്ഷേപം വര്‍ധിപ്പിക്കും, അരലക്ഷം ഒഴിവുകള്‍ നികത്തും, ബിജെപി അധികാരത്തില്‍ വന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാനാവുമെന്നും പ്രകടന പത്രികയില്‍ അവകാശപ്പെടുന്നു.

Leave a Reply