സിപിഎം കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു-എം.എം. ഹസ്സന്‍

0

പാലക്കാട്: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ കൊലപ്പെടുത്തിയതിലൂടെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ഒരിക്കൽ കൂടി പ്രകടമായെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സൻ പറഞ്ഞു. സിപിഎം രാഷ്ട്രീയ എതിരാളികൾക്കെതിരേ നടത്തുന്ന ആക്രമണങ്ങൾ കോൺഗ്രസിലേക്കും വ്യാപിപ്പിച്ച് കേരളത്തെ കലാപ ഭൂമിയാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎസ്യുവിന്റെ യൂണിറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് ഈ അരുകൊലയ്ക്ക് സിപിഎമ്മിനെ പ്രേരിപ്പിച്ചതെന്നും ഹസ്സൻ പറഞ്ഞു. ശുഹൈബിന്റെ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന പരിഹാസ്യമാണ്. രണ്ടാഴ്ച മുൻപ് എടയന്നൂരീൽ നടത്തിയ റാലിക്കിടെ സിപിഎം പ്രവർത്തകർ കൊലവിളി നടത്തുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അക്രമത്തിന്റെ ഉത്തരവാദികൾ സിപിഎം ആണെന്ന് ഇതിൽ നിന്നും വ്യക്തമാണെന്നും ഹസ്സൻ പറഞ്ഞു. കഴിഞ്ഞ ദിവസം എടയന്നൂർ തെരൂരിൽ സുഹൃത്തിന്റെ തട്ടുകടയിലെത്തിയ ശുഹൈബിന് നേരെ അക്രമികൾ ബോംബ് എറിഞ്ഞ് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. അരയക്ക് താഴേയ്ക്ക് 37 വെട്ടുകൾ ഉണ്ടെന്നാണ് ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോലീസ് അറിയിച്ചത്.

Leave a Reply