മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; പ്രിയ വാര്യര്‍ക്കെതിരെയും കേസ്

0

രണ്ട് ദിവസം കൊണ്ട് ഇന്റർനെറ്റിൽ സൂപ്പർഹിറ്റായി മാറിയ പ്രിയ വാര്യർ നിയമക്കുരുക്കിൽ. പ്രിയ അഭിനയിച്ച ഒരു അഡാർ ലൗവിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിൽ പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടെന്ന് കാണിച്ച് ഒരു കൂട്ടം ആളുകളാണ് ഹൈദരാബാദ് പോലീസിൽ പരാതി നൽകിയത്. ഗാനരംഗത്തിൽ അഭിനയിച്ച പ്രിയ വാര്യരെയും സംവിധായകൻ ഒമർ ലുലുവിനെയുമാണ് പ്രതി ചേർത്തിരിക്കുന്നത്. ഗാനം ഇംഗ്ലീഷിലേയ്ക്ക് തർജമ ചെയ്തപ്പോൾ അതിൽ പ്രവാചകനെ നിന്ദിക്കുന്ന പരാമർശങ്ങൾ ഉണ്ടെന്നാണ് ഫലഖ്നമ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞത്. ഇവർക്കെതിരെ ഐ.പി.സി. സെക്ഷൻ 295 പ്രകാരമാണ് കേസെടുത്തതെന്ന് ഫലക്നുമ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വി.സത്യനാരായണ വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനെ അറിയിച്ചു. എഞ്ചിനീയറിങ് വിദ്യാർഥിയായ അബ്ദുൾ മുഖീതിന്റെ നേതൃത്വത്തിലാണ് ഒരു കൂട്ടം യുവാക്കൾ കേസ് കൊടുത്തത്. ജബ്ബാർ കരൂപ്പടന്ന എഴുതി തലശ്ശേരി റഫീഖ് ചിട്ടപ്പെടുത്തിയ പഴയ ഗാനം വിനീത് ശ്രീനിവാസന്റെ ശബ്ദത്തിലാണ് ഒമർ ലുലു ഒരു അഡാർ ലവ്വിൽ ഉപയോഗിച്ചത്. ഗാനം യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടതുമുതൽ പ്രിയയുടെ പുരികം വളയ്ക്കലും കണ്ണിറുക്കലും കാരണം വൻ ഹിറ്റായിമാറി. ഇതിനിടെയാണ് ഹൈദരാബാദിൽ കേസ് വന്നിരിക്കുന്നത്.

Leave a Reply