ബിഡിജെഎസ് മുന്നണി വിട്ടു പോകില്ല; കുമ്മനം

0

ചെങ്ങന്നൂർ: ബിഡിജെഎസ് എൻഡിഎ വിട്ടു പോകുമെന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ബിഡിജെഎസ് വിട്ടു പോകില്ലെന്നാണ് ഉറച്ച വിശ്വാസം. അവരുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ രമ്യമായി പരിഹരിക്കും. ഇരുമുന്നണികളുടേയും ജനദ്രോഹ നടപടികൾക്കും സാമൂഹ്യ അസമത്വത്തിനും ബദൽ എന്ന നിലയിലാണ് ദേശീയ ജനാധിപത്യ സഖ്യം കേരളത്തിൽ രൂപീകരിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ കേരള രാഷ്ട്രീയത്തിൽ എൻഡിഎ അനിവാര്യമാണ്. അതിനാൽ തന്നെ ബിഡിജെഎസ് സഖ്യം വിട്ടു പോകില്ല. കേരളത്തിൽ എൻഡിഎയെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കാണ് ബിഡിജെഎസ് വഹിച്ചിട്ടുള്ളത്. ബിഡിജെഎസിന് കേന്ദ്ര പദവികൾ കിട്ടുന്നതിൽ ബിജെപി കേരള ഘടകത്തിന് വിയോജിപ്പ് ഇല്ല. ഇതിനായി പരമാവധി ശ്രമിക്കുന്നുമുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ചെങ്ങന്നൂരിലെ എൻഡിഎ സ്ഥാനാർത്ഥിയെ രണ്ടോ മൂന്നോ ദിവസത്തിനകം കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും കുമ്മനം അറിയിച്ചു. ചെങ്ങന്നൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രാവിഷ്കൃത പദ്ധതികൾ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളുടെ ആനുകൂല്യം കിട്ടേണ്ടത് ഈ നാട്ടിലെ ഓരോരുത്തരുടേയും അവകാശമാണെന്നും എന്നാൽ ഇത് ജനങ്ങളിലേക്ക് എത്താതിരിക്കാൻ ബോധപൂർവ്വമായ ശ്രമം കേരളത്തിൽ നടക്കുന്നുണ്ട്. ഇത് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് ഓരോ ബിജെപി പ്രവർത്തകൻറെയും കടമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രചരണത്തിനായി തെരഞ്ഞെടുത്തവർക്കുള്ള ശിൽപശാല ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രപദ്ധതികളെപ്പറ്റി വ്യാജ പ്രചരണമാണ് ചില കേന്ദ്രങ്ങൾ നടത്തുന്നത്. ഇത് മറികടക്കാനുള്ള ശ്രമം ബിജെപി പ്രവർത്തകർ നടത്തണം. ഇതിനായി വീടുകൾ കയറിയുള്ള പ്രചരണ പരിപാടികൾ സംഘടിപ്പിക്കണം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനം കിട്ടുന്ന പദ്ധതികൾ കേന്ദ്രത്തിലെ ബിജെപി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ദളിതർ, പിന്നാക്കക്കാർ, പട്ടികജാതി-പട്ടിക വിഭാഗം, സ്ത്രീകൾ, പെൺകുട്ടികൾ, തൊഴിലില്ലാത്ത ചെറുപ്പക്കാർ, വിരമിച്ചയാൾക്കാർ, രോഗബാധിതർ, ഭിന്നശേഷിക്കാർ, ദിവ്യാംഗർ, ഭവന രഹിതർ, വൈദ്യുതി- പാചക വാതകം ഇല്ലാത്തവർ തുടങ്ങി എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനം കിട്ടുന്ന പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. എന്നാൽ ഇവയൊന്നും ജനങ്ങളിലേക്ക് എത്താതിരിക്കാൻ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകളാണ് കേരളത്തിൽ നടക്കുന്നത്. രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾക്ക് ഇവയുടെ പ്രയോജനം കിട്ടാൻ ആവശ്യമായ നടപടികൾ പ്രവർത്തകർ ആവിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി എം വി ഗോപകുമാർ, ജില്ലാ ട്രഷറർ കെ ജി കർത്താ, നിയോജക മണ്ഡലം അദ്ധ്യക്ഷൻ സജു ഇടക്കല്ലിൽ, ജനറൽ സെക്രട്ടറിമാരായ സജു കുരുവിള, സതീഷ് ചെറുവല്ലൂർ, ജില്ലാ സെക്രട്ടറി ശ്യാമളാ കൃഷ്ണകുമാർ, സംസ്ഥാന സമിതിയംഗം ജി. ജയദേവ് എന്നിവർ പങ്കെടുത്തു.

Leave a Reply