സന്തോഷ് ട്രോഫി കിരീടം കേരളത്തിന്

0

സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം കേരളം സ്വന്തമാക്കി. പെനല്‍റ്റി ഷൂട്ടൗട്ടിലാണ്‌ കേരളം(4-2) ബംഗാളിനെ തോല്‍പിച്ചത്. മുഴുവന്‍ സമയത്തും ശേഷം അധിക സമയത്തും ഇരു ടീമുകളും സമനില പാലിക്കുകയായിരുന്നു(2-2).

1-1ന് സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി അധിക സമയത്തേക്ക് നീണ്ടത്. എന്നാല്‍ അധിക സമയത്തിന്‍റെ രണ്ടാം പകുതിയില്‍ പകരക്കാരാനായി ഇറങ്ങിയ വിപിന്‍ തോമസ് ഗോള്‍ നേടിയതോടെ കേരളം ആഘോഷിച്ചു തുടങ്ങി. എന്നാല്‍ കളി തീരാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കെ ത്രിതങ്കര്‍ സര്‍ക്കാര്‍ ഗോള്‍ കണ്ടെത്തിയതോടെ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. കേരളത്തിന്‍റെ ആറാം കിരീട നേട്ടമാണിത്.

19ാം മിനുറ്റില്‍ എം.എസ് ജിതിനാണ് കേരളത്തിന്‍റെ ആദ്യ ഗോള്‍ നേടിയത്. മൈതാന മധ്യത്തു നിന്ന് പന്തുമായി കുതിച്ച ജിതിന്‍ ഡിഫന്‍റര്‍മാരെയും മറികടന്ന് ബംഗാള്‍ ഗോള്‍കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന മിനുറ്റുകളില്‍ കേരളത്തിന് ഗോളടിക്കാന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. രണ്ടാം പകുതി ബംഗാളിന്‍റ കുതിപ്പായിരുന്നു. ബംഗാളിന്‍റെ മുന്നേറ്റ നിര നിരന്തരം കേരളത്തിന്‍റെ ഗോള്‍ മുഖം വിറപ്പിച്ചു. ഗോളുന്നറച്ച ചില നീക്കങ്ങള്‍ കേരളത്തിന്‍റെ ഗോളിയുടെ മികവില്‍ വഴിമാറി. എന്നാല്‍ 68ാം മിനുറ്റില്‍ ബംഗാളിന്‍റെ അധ്വാനം ഫലം കണ്ടു.

രാജന്‍ ബര്‍‌മാന്‍റെ കിടിലന്‍ പാസില്‍ ജിതിന്‍ മുര്‍മു ഗോള്‍ കണ്ടെത്തിയതോടെ ബംഗാള്‍ ഒപ്പമെത്തി. എന്നാല്‍ മനോഹരമായ കൌണ്ടര്‍ അറ്റാക്കിലൂടെ കേരളം ലീഡ് നേടുമെന്ന് കരുതിയെങ്കിലും ഭാഗ്യം കൊല്‍കത്തക്കൊപ്പമായിരുന്നു. 90 മിനുറ്റുകളിലും വിജയഗോള്‍ കണ്ടെത്താനാവാതെ വന്നതോടെയാണ് കളി അധിക സമയത്തേക്ക് പോയത്. അധിക സമയത്തിന്‍റെ ആദ്യ പകുതിയിലും ആര്‍ക്കും വലകുലുക്കാനായില്ല. എന്നാല്‍ അധിക സമയത്തിന്‍റെ രണ്ടാം പകുതിയില്‍ മനോഹരമായ ഹെഡറിലൂടെ വിപിന്‍ തോമസ് വലകുലുക്കി. എന്നാല്‍ കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ലഭിച്ച ഫ്രീകിക്ക് ബംഗാളിന്‍റെ ത്രിതങ്കര്‍ സര്‍ക്കാര്‍ വലയിലെത്തിച്ചതോടെ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

PopAds.net

Leave a Reply