ശ്രീജിത്തിന്റേത് ഉരുട്ടിക്കൊലയായിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചന.

0

കൊച്ചി: പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റേത് ഉരുട്ടിക്കൊലയായിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചന. ശ്രീജിത്തിന്റെ ശരീരത്തിൽ അസാധാരണമായ ചതവും പോറലും ഉണ്ടായിരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ശരീരത്തിൽ മുറിവുകളുണ്ടാകാത്ത വിധത്തിൽ പ്രത്യേക ആയുധം ഉപയോഗിക്കപ്പെട്ടതായും സൂചനയുണ്ട്. ശ്രീജിത്തിന്റെ ശരീരത്തിൽ 18 ക്ഷതങ്ങൾ ഏറ്റിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. മൂർച്ചയില്ലാത്ത ആയുധം ഉപയോഗിച്ചാണ് മർദ്ദിച്ചതെന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ച് മരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ പോലീസ് ഉദ്ദേശിക്കുന്നുണ്ട്. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷന് ഇതുസംബന്ധിച്ച് കത്തു നൽകാൻ ആലോചിക്കുന്നുണ്ട്. മർദ്ദനത്തിന് ഇരയാക്കിയ പോലീസുകാരുടെ മൊഴികളിൽ വൈരുദ്ധ്യം കണ്ടതിനെ തുടർന്ന് പോലീസുകാരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്. എസ്പിയുടെ സ്ക്വാഡും ലോക്കൽ പോലീസും നൽകുന്ന മൊഴികൾ പൊരുത്തപ്പെടാത്ത സാഹചര്യത്തിൽ മർദ്ദിച്ച പോലീസുകാരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പോലീസുകാരുടെ മൊബൈൽ ഫോൺ വിവരങ്ങളും പരിശോധിക്കും. അതേസമയം, ശ്രീജിത്തിനെ വരാപ്പുഴയിലെ സ്റ്റേഷനിൽ കൊണ്ടു വന്നപ്പോഴേ അവശനായിരുന്നുവെന്ന് ശ്രീജിത്തിനൊപ്പം സ്റ്റേഷനിൽ കഴിഞ്ഞിരുന്ന വിജു എന്നയാൾ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി. സ്റ്റേഷനിലെത്തി കുറച്ചുനേരം കഴിഞ്ഞ് സെല്ലിൽ വച്ച് വയറുവേദന എടുക്കുന്നതായി ശ്രീജിത്ത് പറഞ്ഞു. എന്തു പറ്റിയെന്ന് ചോദിച്ചപ്പോൾ തല്ലിയതാണെന്ന് പറഞ്ഞെന്നും വിജു പറഞ്ഞു. വാസുദേവന്റെ വീട് ആക്രമിച്ച കേസിൽ വിജുവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റക്കാരനല്ലെന്ന് കണ്ട് ഇയാളെ പിന്നീട് വിട്ടയക്കുകയായിരുന്നു. ഇതിനിടെ ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. പോലീസിനെതിരെ പോലീസ് അന്വേഷിച്ചാൽ എന്താകുമെന്ന ആശങ്ക കുടുംബ പങ്കുവെച്ചു.

Leave a Reply