കോൺഗ്രസിൽ പുതിയ ഗ്രൂപ്പുമായി കെ.മുരളീധരൻ

0

കൊച്ചി: കെ.മുരളീധരന്റെ നേതൃത്വത്തിൽ കോൺഗ്രസിൽ പുതിയ ഗ്രൂപ്പിന് തുടക്കമാകുന്നു. രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന വിശാല ഐ ഗ്രൂപ്പിൽ അർഹിച്ച പരിഗണന ലഭിക്കാത്തതിൽ അസ്വസ്ഥരായി കൊച്ചിയിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസംരഹസ്യ യോഗം നടത്തി. ഡിഐസിയിൽ നിന്ന് തിരികെ കോൺഗ്രസിലെത്തിയിട്ടും അർഹിച്ച സ്ഥാനം പാർട്ടിയിൽ ലഭിക്കാത്തതിനെ തടർന്നാണ് പഴയ കെ കരുണാകരൻ അനുകൂലികൾ ഇടയുന്നത്. കെ.മുരളീധരനെ മുന്നിൽ നിർത്തി പുതിയ ഗ്രൂപ്പ് രൂപീകരണം ഉൾപ്പെടെ ആലോചിക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേർന്നത്. കെ.കരുണാകരൻ സ്റ്റഡി സെന്റർ എന്ന പേരിലാണ് വിശാല ഐ ഗ്രൂപ്പിലെ അസംതൃപ്തർ ജില്ലാ തലങ്ങളിൽ ഒത്തുകൂടുന്നത്. ഡിഐസി (കെ) എന്ന പേരിൽ കെ.കരുണാകരൻ പുതിയ പാർട്ടി രൂപീകരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം പാർട്ടിയിൽ നിന്നു പുറത്തു പോവുകയും പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി ഐ ഗ്രൂപ്പിന്റെ ഭാഗമാവുകയും ചെയ്തവരാണ് കൂട്ടായ്മയ്ക്ക് പിന്നിൽ. മുൻ എംഎൽഎ എം.എ.ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു കൊച്ചിയിലെ കൂട്ടായ്മ. പുതിയ ഗ്രൂപ്പിനെ പറ്റി പരസ്യമായി ഒന്നും പറയുന്നില്ലെങ്കിലും നിലവിലെ ഗ്രൂപ്പ് നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ അസംതൃപ്തിയുണ്ടെന്ന കാര്യം ഇവർ തുറന്നു സമ്മതിക്കുന്നു. രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന ഐ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ പഴയ കെ.കരുണാകരൻ അനുകൂലികൾ ഏറെക്കാലമായി അതൃപ്തരാണ്. സമീപകാലത്ത് നടന്ന കെപിസിസി പുനസംഘടനയിൽ തഴയപ്പെട്ടെന്ന വികാരമാണ് പുതിയ ഗ്രൂപ്പ് രൂപീകരണ നീക്കങ്ങളുടെ വേഗം കൂട്ടിയത്.

Leave a Reply