കേരളത്തിലേക്ക് സ്​പിരിറ്റ് ഒഴുകുന്നു, പിന്നിൽ കോടാലി ശ്രീധരന്‍

0

തൃശ്ശൂർ: ഛത്തീസ്ഗഢിൽനിന്നും ഒഡിഷയിൽനിന്നും കേരളത്തിലേക്ക് സ്​പിരിറ്റൊഴുകുന്നു. പോലീസ് തേടിക്കൊണ്ടിരിക്കുന്ന കുറ്റവാളി കോടാലി ശ്രീധരനാണ് ഇതിനുപിന്നിൽ. നടത്തിപ്പ് വരന്തരപ്പിള്ളി സ്വദേശി മണികണ്ഠൻ എന്ന സ്​പിരിറ്റ് മണിയും. മണിയെയും കൂട്ടരെയും തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്. ഇവർ തമിഴ്നാട്ടിൽ റിമാൻഡിലാണ്. വലിയതോതിൽ സ്​പിരിറ്റ് കടത്തുന്നുണ്ടെങ്കിലും കേരളത്തിൽ സ്​പിരിറ്റ് വേട്ട കുറവാണ്. 40 ടൺ കണ്ടെയ്നറിൽ ആഴ്ചയിൽ അഞ്ചുതവണ സ്​പിരിറ്റ് കടത്തുന്നുണ്ടെന്നാണ് തമിഴ്നാട് പോലീസിന് ലഭിച്ച വിവരം. ഇതു തമിഴ്നാടിനും കേരളത്തിനും വേണ്ടിയുള്ളതാണ്. 20 ബാറുകളിൽ മണി നേരിട്ട് സ്​പിരിറ്റ് എത്തിക്കുന്നുണ്ട്. കേരളത്തിൽ കണ്ടെയ്നറിൽ സ്​പിരിറ്റ് എത്തിക്കുന്നത് കുറവാണ്. പെയിന്റ്, തൈര് എന്നിവയ്ക്കിടയിൽ ബാരലുകളിൽ നിറച്ചാണ് ഇവ എത്തിക്കുന്നത്. പാക്കറ്റുകളിലാക്കി മറ്റ് ഉത്പന്നങ്ങൾക്കിടയിലും കടത്തുന്നുണ്ട്. ജി.എസ്.ടി. ഉൾപ്പെടെയുള്ളവ അടച്ചാണ് ഉത്പന്നങ്ങൾ കൊണ്ടുവരുന്നതെന്നതിനാൽ പരിശോധനയുണ്ടാകുന്നില്ല. മറ്റ് ഉത്പന്നങ്ങളാണ് എന്ന് തെറ്റിദ്ധരിപ്പിക്കാൻ കവറുകൾ ഉണ്ടാക്കുന്നതും ശ്രീധരന്റെ സംഘം നേരിട്ടാണ്. ഛത്തീസ്ഗഢിൽ ഇതിനായി ഒരു അച്ചടി യൂണിറ്റുണ്ടെന്നാണ് അറിയുന്നത്. ഇതിന് 16 ലക്ഷം രൂപ വിലയുള്ള യന്ത്രം ഇറക്കുമതി ചെയ്തിരുന്നതായി മണി പറയുന്നു. ലിറ്ററിന് 80 മുതൽ 100 രൂപവരെയുള്ള സ്​പിരിറ്റ് ഇവിടെ മുന്നൂറ് രൂപയ്ക്കാണ് വിൽക്കുന്നത്. ഒരുമാസം ശ്രീധരന് ഇതിലൂടെ ഒരുകോടിരൂപ ലാഭമുണ്ടെന്നും പോലീസ് കണക്കുകൂട്ടുന്നു. കർണാടകയിൽ ശ്രീധരന്റെ സ്​പിരിറ്റ് കച്ചവടം ജയ് എന്നയാൾ വഴിയാണ്. കേരളത്തിൽ ഡിസ്റ്റിലറികൾക്കുപുറമേ ബാറുകളും കള്ളുഷാപ്പുകളും സ്​പിരിറ്റ് വാങ്ങുന്നുണ്ട്. സ്​പിരിറ്റും പ്രത്യേക പൊടിയും ചേർത്ത് അഞ്ചുലിറ്റർ കള്ള് നൂറു ലിറ്ററാക്കാമെന്നാണ് മണിയും സംഘവും പോലീസിനോട് പറഞ്ഞത്. മണി നിരവധി സ്​പിരിറ്റുകടത്തു കേസുകളിൽ പ്രതിയാണ്. എന്നാൽ വൻതോതിൽ കടത്ത് തുടങ്ങിയത് ശ്രീധരനുമായി ചേർന്നശേഷമാണ്. രണ്ടുവർഷം മുമ്പാണ് കൂട്ടുകെട്ട് തുടങ്ങുന്നത്. വൻസംഘവും ഇവർക്കുണ്ട്.

Leave a Reply