പാകിസ്താനും അമേരിക്കയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു; യു.എസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ യാത്ര തടഞ്ഞ് പാകിസ്താന്‍

0

ഇസ്ലാമാബാദ്: പാകിസ്താനും അമേരിക്കയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു. വാഹനാപകട കേസിൽപ്പെട്ട അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥൻ കേണൽ ജോസഫ് ഹാൾ സ്വന്തം രാജ്യത്തേക്ക് പോകാൻ നടത്തിയ ശ്രമം പാകിസ്താൻ തടഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥന് സഞ്ചരിക്കുന്നതിനുവേണ്ടി അഫ്ഗാനിസ്താനിലെ സൈനിക താവളത്തിൽനിന്ന് എത്തിച്ച അമേരിക്കൻ സൈനിക വിമാനം കേണൽ ജോസഫ് ഹാളിന്റെ യാത്ര മുടങ്ങിയതോടെ അഫ്ഗാനിസ്താനിലേക്ക് മടങ്ങി. ഇസ്ലാമാബാദിൽവച്ച് ചുവപ്പ് സിഗ്നൽ മറികടന്ന് മോട്ടോർസൈക്കിൾ യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചുവെന്ന കേസാണ് നയതന്ത്ര ഉദ്യോഗസ്ഥനെതിരെ ഉള്ളതെന്ന് പാകിസ്താനിലെ ഡോൺ ന്യൂസ് റിപ്പോർട്ടുചെയ്തു. അദ്ദേഹം വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പാണ് പാക് അധികൃതർ യാത്ര വിലക്കിയത്. എട്ടുപേർക്കൊപ്പം ഇസ്ലാമാബാദിൽനിന്ന് അമേരിക്കയിലേക്ക് പോകാനായിരുന്നു കേണൽ ജോസഫ് ഹാളിന്റെ നീക്കം. അദ്ദേഹത്തിന് സഞ്ചരിക്കാനുള്ള പ്രത്യേക വിമാനം രാവിലെ 11.15 ഓടെ അഫ്ഗാനിസ്താനിൽനിന്ന് പാക് തലസ്ഥാനത്തെത്തിച്ചു. എന്നാൽ, പാകിസ്താനിലെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അധികൃതർ യാത്ര തടയുകയും അദ്ദേഹത്തിന്റെ പാസ്പോർട്ട് പിടിച്ചെടുക്കുകയും ചെയ്തുവെന്ന് ഡോൺ റിപ്പോർട്ടുചെയ്തു. വൈകീട്ട് നാലോടെയാണ് പ്രത്യേക വിമാനം അഫ്ഗാനിസ്താനിലെ യു.എസ് സൈനിക താവളത്തിലേക്ക് മടങ്ങിയത്. കേണൽ ജോസഫ് ഹാളിന്റെ പൂർണ നയതന്ത്ര പരിരക്ഷ നൽകരുതെന്നും അദ്ദേഹത്തിന് യാത്രാ വിലക്ക് ഏർപ്പെടുത്തണമെന്നും ഇസ്ലാമാബാദ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ഏപ്രിൽ ഏഴിനാണ് കേണൽ ഹാൾ ഇസ്ലാമാബാദിൽവച്ച് ചുവപ്പ് സിഗ്നൽ മറികടന്ന് ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭീകരവാദികൾക്ക് സുരക്ഷിത താവളം ഒരുക്കുന്നത് സംബന്ധിച്ച വിമർശം ഉന്നയിച്ചതിന്റെ പേരിൽ അമേരിക്കയും പാകിസ്താനും തമ്മിലുള്ള ബന്ധം നേരത്തെതന്നെ വഷളായിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഇരുരാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സ്ഥിതിഗതികൾ കൂടുതൽ മോശപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഏറ്റവും പുതിയ സംഭവം.

Leave a Reply