കൊച്ചിയിലെ ധ്യാനകേന്ദ്രത്തില്‍ 15കാരിയെ പീഡിപ്പിച്ചതായി പരാതി

0

കൊച്ചിയില്‍ പതിനഞ്ച് വയസുകാരി ധ്യാന കേന്ദ്രത്തില്‍ വെച്ച് പീഡനത്തിനിരയായതായി മൊഴി. സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു. ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും കോയമ്പത്തൂരില്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്ന കൊച്ചി സ്വദേശിയുടെ പരാതി അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കാക്കനാട്ടെ ധ്യാന കേന്ദ്രത്തിലും മറ്റൊരു സ്ഥലത്തും മയക്കു മരുന്നു നൽകി പീഡിപ്പിച്ചു എന്നാണ് മൊഴി.

കോയമ്പത്തൂരില്‍ ഉണ്ണീശോ ഭവനെന്ന ധ്യാന കേന്ദ്രം നടത്തുന്ന സെബാസ്റ്റ്യന്‍ കുണ്ടുകുളമെന്നയാള്‍ തന്റെ ഭാര്യയെയും പെണ്‍മക്കളെയും തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് കാട്ടി കൊച്ചി സ്വദേശി ഹൈക്കോടതിയില്‍ ഹേബിയസ് കോർപസ് ഹരജി നല്‍കിയിരുന്നു. തുടർന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പീഡനത്തിനിരയായെന്ന് മൂത്ത കുട്ടി മൊഴി നല്‍കി. കേസെടുത്ത് അന്വേഷണം നടത്താന്‍ കൊച്ചി സെന്‍ട്രല്‍ പൊലീസിനോട് നിർദേശിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നാളെ കുട്ടികളെ കൌണ്‍സിലിങിന് വിധേയരാക്കും. സ്വഭാവ ദൂഷ്യത്തിന് സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് സെബാസ്റ്റ്യന്‍ കുണ്ടുകുളമെന്നാണ് വിവരം. ഇയാള്‍ വർഷങ്ങളായി കോയമ്പത്തൂരില്‍ ഉണ്ണീശോ ഭവനെന്ന പേരില്‍ ധ്യാന കേന്ദ്രം നടത്തുകയാണ്. കേസില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും. കേസന്വേഷണത്തിന്റെ പുരോഗതി ഹൈക്കോടതി വെള്ളിയാഴ്‍ച പരിശോധിക്കും.

Leave a Reply