ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന് മുപ്പത്തിരണ്ടായിരം കോടി പിഴ

0

വാഷിങ്ടൺ: ഫാർമസ്യൂട്ടിക്കൽസ് ഭീമൻ ജോൺസൺ ആൻഡ് ജോൺസണ്അമേരിക്കൻ കോടതി 470 കോടി ഡോളർ (ഏകദേശം 32000 കോടി രൂപ)പിഴ വിധിച്ചു. ആസ്ബെറ്റോസ് കലർന്ന ടാൽക്കം പൗഡർ ഉപയോഗിച്ചതിനെ തുടർന്ന് 22 സ്ത്രീകൾക്ക് കാൻസർ ബാധിച്ച കേസിലാണ് കോടതിയുടെ വിധി. വ്യാഴാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ആറാഴ്ച നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കോടതി പിഴ വിധിച്ചത്. വ്യക്തി ശുചിത്വത്തിന് ഉപയോഗിച്ച കമ്പനിയുടെ ടാൽക്കം പൗഡറാണ് കാൻസറിന് കാരണമായതെന്ന് പരാതിക്കാർ വ്യക്തമാക്കി. കഴിഞ്ഞ 40 വർഷമായി തങ്ങളുടെ ഉൽപ്പന്നങ്ങളിലെ ആസ്ബെറ്റോസിന്റെ സാന്നിദ്ധ്യം മറച്ചുവെക്കുകയായിരുന്നെന്ന് പരാതിക്കാരുടെ അഭിഭാഷകൻ മാർക്ക് ലാനിയർ വ്യക്തമാക്കി. ഈ വിധി തങ്ങളുടെ ഉൽപ്പന്നങ്ങളിലെ ആസ്ബറ്റോസ് അണ്ഡാശയ ക്യാൻസറിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുജനങ്ങൾക്ക് നൽകാൻ കമ്പനിയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലാനിയർ കൂട്ടിച്ചേർത്തു. വിധി നിരാശാജനകമാണെന്ന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി പ്രതികരിച്ചു. തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ആസ്ബെറ്റോസിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന കാര്യം ജോൺസൺ ആൻഡ് ജോൺസൺ നിഷേധിച്ചു. വിവിധ പരിശോധനകളിൽ പൗഡറിൽ ആസ്ബറ്റോസിന്റെ സാന്നധ്യം കണ്ടെത്താനായില്ലെന്നതും കമ്പനി വിശദീകരിച്ചു. മാത്രമല്ല ആസ്ബറ്റോസ്കാൻസറിന്കാരണമാകുമെന്നുമുള്ള കാര്യം തെറ്റാണെന്നും കമ്പനി കൂട്ടിച്ചേർത്തു. നേരത്തെയും സമാനമായ കേസുകളിൽ ജോൺസൺ ആൻഡ് ജോൺസണ് കോടതി ഭീമൻ പിഴകൾ ചുമത്തിയിട്ടുണ്ട്.

Leave a Reply