ബിൻ ലാദന്റെ മകന്‍ വിവാഹം കഴിച്ചത് 9/11 ആക്രമണത്തിന് വിമാനം റാഞ്ചിയ ഭീകരന്റെ മകളെ

0

ലണ്ടൻ: അൽ ഖ്വയ്ദ മുൻ തലവൻ ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ വിവാഹം കഴിച്ചത് 9/11 ആക്രമണം നടത്താൻ വിമാനം റാഞ്ചിയ ഭീകരൻ മുഹമ്മദ് അത്തയുടെ മകളെയെന്ന് വെളിപ്പെടുത്തൽ.

ഗാർഡിയൻ നടത്തിയ അഭിമുഖത്തിൽ ഒസാമയുടെ അർധ സഹോദരന്മാരായ അഹമ്മദും ഹസനുമാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. മുഹമ്മദ് അത്തയുടെ മകളെ അവൻ വിവാഹം കഴിച്ചതായി ഞങ്ങൾ കേട്ടിരുന്നു. പക്ഷെ അവനിപ്പോൾ എവിടെയാണെന്ന് അറിയില്ല. അഫ്ഗാനിസ്താനിൽ തന്നെ ഉണ്ടാവും- അഹമ്മദ് വെളിപ്പെടുത്തി. ഒസാമയുടെ മരണശേഷം അൽ ഖ്വയ്ദ ഭീകര സംഘടനയുടെ ഉന്നത സ്ഥാനത്ത് ഹംസ എത്തിയെന്നും പിതാവിന്റെ മരണത്തിന് പകരം വീട്ടാൻ തയ്യാറെടുക്കുകയാവും എന്നുമാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും അഹമ്മദും ഹസനും കൂട്ടിച്ചേർത്തു.

ഒസാമ ബിൻലാദനെ കൊലപ്പെടുത്തിയ ശേഷം അമേരിക്കൻ സൈന്യം അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് പിടിച്ചെടുത്ത കത്തുകളിൽ ഹംസ ബിൻലാദനാണ് തന്റെ പിൻഗാമിയെന്ന് ഒസാമ എഴുതിയതായി കണ്ടെത്തിയിരുന്നു. പാശ്ചാത്യ സൈനിക ഏജൻസികൾ കഴിഞ്ഞ രണ്ടു വർഷമായി ഹംസ ബിൻലാദനെ അന്വേഷിക്കുന്നുണ്ടെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. ഒസാമയുടെ മറ്റുരണ്ട് മക്കളായ ഖാലിദും സഅദും നേരത്തെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. ഒസാമയുടെ മറ്റ് ഭാര്യമാർക്കും മക്കൾക്കും ഒസാമയുടെ വധത്തിന് ശേഷം സൗദി അഭയം നൽകിയിരുന്നു.

Leave a Reply