യമനേയും തകര്‍ത്ത് ഇന്ത്യയുടെ യുവനിര

0

അമ്മാൻ: പശ്ചിമേഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ (ഡബ്ല്യു.എ.എഫ്.എഫ്.) അണ്ടർ-16 ടൂർണമെന്റിൽ ഇന്ത്യയ്ക്ക് മൂന്നാം ജയം. അവസാന മത്സരത്തിൽ യമനെ എതിരില്ലാത്ത മൂന്നു ഗോളിന് ഇന്ത്യൻ കൗമാരസംഘം തകർത്തു.

ഹർപ്രീത് സിങ് (38), റിഡ്ജ് ഡെമല്ലോ (47), രോഹിത് ഡാനു (49) എന്നിവരാണ് വിജയികൾക്കായി സ്കോർ ചെയ്തത്. അഞ്ചു രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇതോടെ ഇന്ത്യയ്ക്കും ജപ്പാനും ഒമ്പതു പോയന്റ് വീതമായി. ഗോൾ ശരാശരിയിൽ ഇന്ത്യയാണ് മുന്നിൽ. ജപ്പാന് ഇറാഖുമായുള്ള കളി ബാക്കിയുണ്ട്.

തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യ 38-ാം മിനിറ്റിൽ പ്രതിരോധ താരം ഹർപ്രീതിന്റെ ഹെഡ്ഡറിലൂടെ മുന്നിലെത്തി. പിന്നീട് രണ്ടാം പകുതി തുടങ്ങി മിനിറ്റുകൾക്കകം ഹെഡ്ഡറിലൂടെ വീണ്ടും ഇന്ത്യ ലീഡെടുത്തു. ഇത്തവണ റിഡ്ജ് ഡെമല്ലോയാണ് ലക്ഷ്യം കണ്ടത്. രണ്ട് മിനിറ്റിനുള്ളിൽ ഇന്ത്യ വീണ്ടും വല ചലിപ്പിച്ചു. മനോഹരമായ നീക്കത്തിനൊടുവിൽ രോഹിത് ഡാനുവാണ് ലക്ഷ്യം കണ്ടത്.

ആദ്യ കളിയിൽ ജോർദാനെ 4-0ത്തിന് തോൽപ്പിച്ച ഇന്ത്യ രണ്ടാം കളിയിൽ ജപ്പാനോട് 1-2ന് തോറ്റു. മൂന്നാം മത്സരത്തിൽ ഇറാഖിനെ വീഴ്ത്തി (1-0) വിജയവഴിയിലേക്കെത്തി.

Leave a Reply