കാലവര്‍ഷക്കെടുതി നേരിടാന്‍ ക്രമീകരണങ്ങള്‍ ഒരുക്കി -മുഖ്യമന്ത്രി

0

സംസ്ഥാനത്തെ കാലവർഷക്കെടുതിയെ നേരിടാനുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി. രാവിലെ ചേർന്ന ഉന്നതതല യോഗ തീരുമാനങ്ങളുടെ പുരോഗതിയാണ് വൈകുന്നേരം വിലയിരുത്തിയത്. ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ദുരന്തത്തെ നേരിടാൻ കേന്ദ്രസേനകളുടേയും ദുരന്തനിവാരണ സേനകളുടേയും പൊലീസ്- ഫയർ ഫോഴ്സ് സേനകളുടേയും നേതൃത്വത്തിൽ ഫലപ്രദമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. മന്ത്രിമാർ വിവിധ ജില്ലകളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. എം എൽ എ മാർ അടക്കമുള്ള ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും സജീവമായി രക്ഷാപ്രവർത്തനത്തിൽ അണിചേർന്നിട്ടുണ്ട്.

* ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു സംഘത്തെ ഹെലികോപ്റ്റർ മുഖേന വയനാട്ടിൽ എത്തിച്ചു. 15 അംഗങ്ങളാണ് സംഘത്തിൽ ഉള്ളത്.

* ദേശീയ ദുരന്ത പ്രതികരണ സേനയുടെ 3 സംഘം കോഴിക്കോട് വിമാനത്താവളത്തിൽ എത്തി. ഇവരിൽ 48 പേരടങ്ങുന്ന സംഘം നാളെ രാവിലെയോടെ വയനാട്ടിലെത്തും. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും നാളെ പ്രവർത്തനം നടത്തും. 48 പേരടങ്ങുന്ന ഒരു സംഘം നിലവിൽ കോഴിക്കോട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

* രാത്രിയോടെ ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘങ്ങൾ പാലക്കാട് എത്തും. ഇവരിൽ 28 പേരടങ്ങുന്ന ഒരു സംഘം പാലക്കാട് പ്രവർത്തിക്കും. 48 പേരടങ്ങുന്ന മറ്റൊരു സംഘം ഇടുക്കിയിലേക്ക് പോകും.

* കണ്ണൂരിൽ നിന്നും കരസേനയുടെ ഒരു സംഘം പെരിയ ചുരം വഴി വയനാട്ടിലേക്ക് തിരിച്ചു. പോകുന്ന പാതയിലെ തടസങ്ങൾ നീക്കിയാണ് ഈ സംഘം വയനാട്ടിൽ എത്തുന്നത്. കണ്ണൂരിലും മലപ്പുറത്തും നിലവിൽ കരസേനയുടെ ഓരോ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌.

* നേവിയുടെ 15 പേരടങ്ങുന്ന സംഘം നിലവിൽ മലപ്പുറത്ത് ലഭ്യമാണ്. 5 പേർ വയനാട്ടിലും എത്തിയിട്ടുണ്ട്. ഏഴിമല നാവിക അക്കാദമിയിൽ നിന്നും ഒരു ടീം വയനാട്ടിലേക്ക് പുറപ്പെട്ടു.

* കരസേനയുടെ മിലിട്ടറി എഞ്ചിനിയറിംഗ് ഗ്രൂപ്പ് രാത്രിയോടെ കോഴിക്കോട് എത്തും. 34 പേരടങ്ങുന്ന സംഘം 6 ബൗട്ടുകളും 5 ബൗസറുകളുമായാണ് സംഘം എത്തുന്നത്. ഈ സംഘം മലപ്പുറത്തും കോഴിക്കോടും ഉണ്ടായിട്ടുള്ള പ്രധാനപ്പെട്ട ദുരന്ത പ്രദേശങ്ങളിൽ പ്രവർത്തനം നടത്തും.

* മറ്റൊരു സംഘം രാത്രിയോടെ കോയമ്പത്തൂരിൽ എത്തും. പകൽ വയനാട്ടിലേക്ക് ചുരം മാർഗം എത്തും

* കരസേനയുടെ എഞ്ചിനിയറിംഗ് വിഭാഗത്തിലെ മൂന്നാമത്തെ സംഘം സെക്കന്തരാബാദിൽ നിന്നും എറണാകുളത്ത് എത്തും. ഇവർ ഇടുക്കിയിൽ രക്ഷാപ്രവർത്തനത്തെ സഹായിക്കും.

* എയർ ഫോഴ്സിന്റെ AN 32, 2 MI 17, 1 ALH എന്നിവയും കോസ്റ്റ് ഗാർഡ്, നേവി എന്നിവയുടെ 1 ALH ഹെലികോപ്റ്ററും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ C 17 വിമാനവും കൂടുതൽ സേനയും ലഭ്യമാകുമെന്നും സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്.

* റവന്യു സെക്രട്ടറി പി എച്ച് കുര്യന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിൽ പ്രത്യേക ഏകോപന സെൽ ആരംഭിച്ചു. വിവിധ വകുപ്പുകളുമായും നേവി – വ്യോമസേന- എൻ ഡി ആർ എഫ് , കോസ്റ്റ് ഗാർഡ് എന്നിവരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ദക്ഷിണമേഖലാ കമാൻഡഡ് കുമാരി രേഖാ നമ്പ്യാർ തിരുവനന്തപുരത്ത് എത്തി ഈ സെലിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു.

* ആവശ്യാനുസരണം ബുൾഡോസർ, ജനറേറ്റർ, ലൈറ്റ് എന്നിവ വാടകക്കെടുത്ത് വിനിയോഗിക്കാൻ ജില്ലാ കലക്ടർമാർക്ക് അനുമതി നൽകി.

* എണ്ണായിരത്തോളം പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
പ്രായമായവർ, രോഗമുള്ളവർ, അംഗ പരിമിതർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകാൻ നിർദ്ദേശം നൽകി. ദുരന്ത പ്രദേശങ്ങളിലും ഇത്തരക്കാരെ ശ്രദ്ധിക്കണം.

* ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണം, വെള്ളം, വസ്ത്രം,ശുചി മുറികൾ തുടങ്ങിയവ ഒരുക്കാൻ നിർദ്ദേശം നൽകി.

* ക്യാമ്പുകളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

* കുട്ടനാട് കാലവർഷക്കെടുതിയുണ്ടായപ്പോൾ ദുരിതാശ്വാസ ക്യാമ്പുകൾ നടത്തിയ മാതൃകയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കാനാണ് നിർദ്ദേശം.

Leave a Reply