ഇടുക്കി ജില്ലയില്‍ വിനോദ സഞ്ചാരം നിരോധിച്ചു; കേരളത്തിലേക്കുള്ള യാത്ര ഒഴുവാക്കാൻ പൗരൻമാരോട് അമേരിക്ക

0

ഇടുക്കി: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാരവും ചരക്ക് വാഹനങ്ങളുടെ യാത്രയും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. റോഡുകള്‍ തകരാനും അപകടങ്ങളുണ്ടാവാനുമുള്ള സാധ്യത മുന്നില്‍ കണ്ടാണ് നടപടി.

ശക്തമായ മഴ തുടരുന്നതിനിടെ ജില്ലയിലെ വിവിധ ഡാമുകളും തുറന്നുവിട്ടിരിക്കുകയാണ്. നദികളെല്ലാം കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ യാത്ര ദുഷ്കരമാണ്. ഈ സാഹചര്യത്തില്‍ ദുരന്ത നിവാരണ നിയമപ്രകാരമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിനോദ സഞ്ചാരികളെയും ചരക്ക് വാഹനങ്ങളെയും ജില്ലയില്‍ പ്രവേശിപ്പിക്കില്ല. തുടർച്ചയായി മൂന്നാം ദിവസവും സംസ്ഥാനത്തെ മഴക്കെടുതിക്ക് കുറവില്ല. മഴക്കെടുതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലുണ്ടായ അപകടങ്ങളിലായി മരിച്ചവരുടെ എണ്ണം 26 ആയി.

അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നാശം വിതച്ച കേരളത്തിലെ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് കഴിഞ്ഞ ദിവസമാണ് അമേരിക്ക തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉള്ള പ്രദേശത്തേക്ക് യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരളത്തിലെ സ്ഥിതി ഗതികളെ ആശങ്കജനകമെന്നാണ് അമേരിക്ക വിലയിരുത്തുന്നത്.

ഇന്നലെ നെടുമ്പാശ്ശേരി അടച്ചിടാനുണ്ടായ സാഹചര്യവും മുന്നറിയിപ്പിന് കാരണമായി. രണ്ട് ദിവസത്തെ മഴക്കെടുതിയില്‍ മാത്രം 26 പേരാണ് മരിച്ചത്. പള്ളിവാസലിലെ പ്ലംജൂഡി റിസോര്‍ട്ടിന് സമീപം ഇന്നലെ രാത്രി ഉരുള്‍പൊട്ടിയിരുന്നു. ഈ ഹോട്ടലില്‍ 30ഓളം വിദേശികള്‍ കുടുങ്ങി. രക്ഷപ്പെടുത്തണമെന്ന ഇവരുടെ സന്ദേശങ്ങള്‍ വൈറലാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ ഇടപെടല്‍.

Leave a Reply